ഇന്ത്യൻ സിനിമയുടെ സംഗീത മാധുര്യം എസ് പി ബാലസുബ്രഹ്മണ്യം ഓർമ്മയായിട്ട് ഇന്ന് നാല് വർഷങ്ങൾ. 2020 സെപ്റ്റംബർ 25 നായിരുന്നു സംഗീത ലോകത്തെ വിഷാദത്തിലാഴ്ത്തി എസ്പിബി നമ്മെ വിട്ടു പിരിഞ്ഞത്. എസ്പിബി എന്ന മൂന്നക്ഷരത്തെ സംഗീതം ലോകവും സംഗീതാസ്വാദകരും ഒരിക്കലും മറക്കില്ല, ആ ശബ്ദത്തിൽ പിറന്ന ഗാനങ്ങൾക്ക് കാലമെത്ര കഴിഞ്ഞാലും ആസ്വാദകരുണ്ടാകും.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ 2020 സെപ്റ്റംബർ 25 ന് ഉച്ചയ്ക്ക് 1.04നായിരുന്നു എസ്പിബിയുടെ അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഇടക്ക് മെച്ചപ്പെട്ടുവെങ്കിലും പെട്ടെന്ന് അവസ്ഥ മോശമായതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പരമ്പരാഗത രീതിയിൽ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. സംഗീതപാരമ്പര്യവുമില്ല. എന്നിട്ടും ആ ശബ്ദത്തിൽ പിറന്ന ഗാനങ്ങൾക്ക് ഭാഷാഭേദമന്യേ ആരാധകരുണ്ടായി. പ്രണയവും, ആനന്ദവും, ദുഖവും, വിരഹവുമെല്ലാം എസ്പിബിയുടെ അതിഗംഭീരം ആലാപനത്തിലൂടെ സംഗീതാസ്വാദകരിലേക്ക് എന്നെന്നേക്കുമായി ചേക്കേറി. 'മണ്ണിൽ ഇന്ത കാതൽ', 'ഇളയ നിലാ പൊഴിഗിരതേ', 'കാതൽ റോജാവേ', 'അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി', 'എന്ന സത്തം ഇന്ത നേരം' തുടങ്ങി ഇളയരാജ - എസ്പിബി, എആർ റഹ്മാൻ - എസ്പിബി കോംബോയിൽ പിറന്ന മനോഹര ഗാനങ്ങൾക്ക് അന്നും ഇന്നും ഇനി എന്നും ആരാധക മനസ്സിൽ മുൻപന്തിയിലായിരിക്കും സ്ഥാനം.
ആർക്കാണ് രജനികാന്ത് - എസ്പിബി കൂട്ടുകെട്ടിൽ പിറന്ന അടിപൊളി ഓപ്പണിങ് ഗാനങ്ങളെ മറക്കാനാകുക. 'ഒരുവൻ ഒരുവൻ മുതലാളി'യും, 'നാൻ ആട്ടോക്കാര'നും, 'വന്തേണ്ടാ പാൽക്കാരനു'മൊക്കെ തിയേറ്ററിൽ കാണികളെ ഇളക്കിമറിച്ച ഗാനങ്ങളായിരുന്നു.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000 ൽ അധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇത്രയധികം ചലച്ചിത്രഗാനങ്ങൾ പാടിയ മറ്റൊരു ഗായകൻ ലോകത്തുണ്ടായിട്ടില്ല. ഏറ്റവുമധികം പാട്ടുകൾ റെക്കോർഡ് ചെയ്‌തതിന്റെ ഗിന്നസ് റെക്കോർഡ് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേരിലാണ്. സിനിമാ പിന്നണി ഗായകനായി മാത്രമല്ല, നടന്‍, സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളിൽ എസ്പിബി തിളങ്ങിയിട്ടുണ്ട്.
1969-ല്‍ പുറത്തിറങ്ങിയ കടല്‍പ്പാലം എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഈ കടലും മറുകടലും എന്ന ഗാനം ആലപിച്ചുകൊണ്ടാണ് എസ് പി ബാലസുബ്രഹ്മണ്യം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. റാംജി റാവു സ്പീക്കിങ്ങിലെ കളിക്കളം ഇത് കളിക്കളം, കിലുക്കത്തിലെ ഊട്ടിപ്പട്ടണം, ഗാന്ധര്‍വത്തിലെ നെഞ്ചില്‍ കഞ്ചബാണം, ഡാര്‍ലിങ് ഡാര്‍ലിങ്ങിലെ ഡാര്‍ലിങ് ഡാര്‍ലിങ്, ദോസ്തിലെ വാനം പോലെ വാനം മാത്രം, സി.ഐ.ഡി മൂസയിലെ മേനെ പ്യാര്‍ കിയാ, അനശ്വരത്തിലെ താരാപഥം ചേതോഹരം തുടങ്ങിയ അനശ്വര ഗാനങ്ങൾക്ക് അദ്ദേഹം ശബ്ദം നൽകി. 2001-ല്‍ പത്മശ്രീയും 2011-ല്‍ പത്മഭൂഷണും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു.