തിരുപ്പതി ലഡു വിവാദം; ഒടുവിൽ കാർത്തിയോട് 'നല്ല വാക്ക്' പറഞ്ഞ് പവൻ കല്യാൺ

'ഈ വിഷയത്തിൽ ദുരുദ്ദേശമൊന്നുമില്ലാതെയാണ് നിങ്ങൾ പ്രതികരിച്ചത് എന്ന് മനസിലാക്കുന്നു'; പവൻ കല്യാൺ കുറിച്ചു

dot image

തിരുപ്പതി ലഡു വിവാദത്തിനിടെ നടൻ കാർത്തി തമാശ രൂപേണ നടത്തിയ അഭിപ്രായവും തുടർന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ നടൻ പവൻ കല്യാൺ നടത്തിയ പ്രതികരണവും ഏറെ ചർച്ചയായിരിക്കുകയാണ്. കാർത്തി മാപ്പ് പറഞ്ഞതിന് പിന്നാലെ പവൻ കല്യാണും മറുപടിയുമായി രംഗത്തെത്തി. തന്റെ എക്സ് പേജിലാണ് പവൻ കല്യാൺ പ്രതികരിച്ചത്.

'പ്രിയപ്പെട്ട കാർത്തി നിങ്ങളുടെ വിനയപൂർവമായ പ്രതികരണത്തെയും നമ്മുടെ പാരമ്പര്യത്തോട് നിങ്ങൾ കാണിച്ച ബഹുമാനത്തെയും ഞാൻ അഭിനന്ദിക്കുന്നു. തിരുപ്പതിയും അവിടത്തെ ലഡുവും പോലെയുള്ള വിശ്വാസപരമായ കാര്യങ്ങൾ ദശലക്ഷക്കണക്കിന് ഭക്തർ ഏറെ വൈകാരികമായാണ് നോക്കികാണുന്നത്. അത്തരം വിഷയം ശ്രദ്ധയോടെ കെെകാര്യം ചെയ്യേണ്ടത് നമുക്കെല്ലാവരുടെയും ആവശ്യമാണ്. ഇത് നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഞാൻ ആഗ്രഹിച്ചത്,' എന്ന് പവൻ കല്യാൺ കുറിച്ചു.

'ഈ വിഷയത്തിൽ ദുരുദ്ദേശമൊന്നുമില്ലാതെയാണ് നിങ്ങൾ പ്രതികരിച്ചത് എന്ന് ഞാൻ മനസിലാക്കുന്നു. സമൂഹത്തിൽ പ്രശസ്തരായ വ്യക്തികൾ എന്ന നിലയിൽ നമ്മുടെ സംസ്കാരവും ആത്മീയ മൂല്യങ്ങളും ഐക്യത്തോടെയും ആദരപൂർവവും നിലനിർത്തുക എന്നുള്ളതാകണം നമ്മുടെ ഉത്തരവാദിത്തം. അർപ്പണബോധവും കഴിവും ഉള്ള നടൻ എന്ന നിലയിൽ നിങ്ങളോടുള്ള എന്റെ ആദരവ് ഞാൻ അറിയിക്കുന്നു. കൂടാതെ സൂര്യ, ജ്യോതിക തുടങ്ങി എല്ലാവർക്കും എന്റെ ആശംസകൾ. റിലീസിന് ഒരുങ്ങുന്ന മെയ്യഴകനും സത്യം സുന്ദരത്തിനും ആശംസകൾ,' എന്നും പവൻ കല്യാൺ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ഈ പോസ്റ്റിന് താഴെ നടൻ സൂര്യയും കാർത്തിയും നന്ദി അറിയിച്ച് എത്തിയിട്ടുണ്ട്. 'നിങ്ങളുടെ ആശംസകൾക്ക് നന്ദിയുണ്ട് സാർ' എന്നാണ് സൂര്യയുടെ കമന്റ്.

കഴിഞ്ഞ ദിവസം 'മെയ്യഴകൻ' സിനിമയുടെ തെലുങ്ക് പ്രി-റിലീസ് ചടങ്ങിനിടെയാണ് വിവാദ സംഭവമുണ്ടായത്. അവതാരക അപ്രതീക്ഷിതമായി ലഡുവിനെക്കുറിച്ച് ചോദിച്ചപ്പോൾ കാർത്തി തമാശ രൂപേണ 'നമുക്ക് ഇപ്പോൾ ലഡുവിനെക്കുറിച്ച് പറയേണ്ട, ലഡു ഒരു സെൻസിറ്റീവ് വിഷയമാണ്' എന്ന് പറയുകയുണ്ടായി. ഇതിനെതിരെ പവൻ കല്യാൺ രംഗത്തെത്തുകയായിരുന്നു. സനാതന ധർമ്മത്തിന്റെ കാര്യത്തിൽ ഒരു വാക്ക് പറയും മുന്നേ നൂറ് തവണ ചിന്തിക്കണം എന്നായിരുന്നു പവൻ കല്യാൺ പറഞ്ഞത്. പിന്നാലെ താൻ ദുരുദ്ദേശത്തോടെയല്ല ആ വാക്കുകൾ പറഞ്ഞത് എന്നും തെറ്റിദ്ധാരണയുണ്ടായെങ്കിൽ ക്ഷമിക്കണം എന്നും പറഞ്ഞ് കാർത്തിയും രംഗത്തുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us