
സൈബർ ഇടങ്ങളിൽ നടി നിഖില വിമലിനെതിരെ നടക്കുന്ന പരിഹാസങ്ങളിൽ പ്രതികരിച്ച് തിരക്കഥാകൃത്ത് ശബ്ന മുഹമ്മദ്. അഭിപ്രായമുണ്ടാകുന്നതും അത് ഉറക്കെ പറയുന്നതും ഒരു കുറ്റകൃത്യമല്ലെന്ന് ശബ്ന പറഞ്ഞു. അത്തരം ശബ്ദങ്ങളെ ഉയർത്തിപ്പിടിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങൾക്കുണ്ടെന്നും ശബ്ന സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'അഭിപ്രായം ഉണ്ടാകുന്നതും സ്വന്തം അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ശബ്ദം ഉയർത്തുന്നതും ഒരു കുറ്റകൃത്യമല്ല. മാധ്യമങ്ങൾ അത്തരം ശബ്ദങ്ങളെ ഉയർത്തിപ്പിടിക്കുന്നത് കണ്ടാണ് ഞങ്ങൾ വളർന്നത്. അവർക്ക് ഇപ്പോൾ അതേ മാന്യതയുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു!,' ശബ്ന മുഹമ്മദ് കുറിച്ചത് ഇങ്ങനെ.
അഭിമുഖങ്ങളിലെ ചോദ്യങ്ങൾക്ക് നടി നിഖില വിമൽ നൽകുന്ന മറുപടിയുടെ ശൈലിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പരിഹാസം ഉയരുന്നുണ്ട്. തഗ് റാണി എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും നിഖിലയെ വിളിക്കുന്നത്. കഴിഞ്ഞ ദിവസം നിഖിലയ്ക്ക് പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും രംഗത്ത് വന്നിരുന്നു. മനസിൽ തോന്നുന്നത് തുറന്നു പറയുന്ന നിഖിലയെ തനിക്ക് ഇഷ്ടമാണെന്നും ഇനിയും മനസ്സിലുള്ളതു പറയുന്നത് തുടരുക എന്നുമാണ് ഐശ്വര്യ പറഞ്ഞത്.
ചില അഭിനേതാക്കൾ മാധ്യമപ്രവര്‍ത്തകരോട് ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്ന് നടി ഗൗതമി നായർ നടത്തിയ പ്രതികരണവും ചർച്ചയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് നല്ല രീതിയിലല്ല ഇവര്‍ പ്രതികരിക്കുന്നതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ഗൗതമി പറഞ്ഞു. ഇങ്ങനെയൊക്കെ പെരുമാറാന്‍ ഇവിടെയാര്‍ക്കും ഓസ്‌കാറൊന്നും കിട്ടിയിട്ടില്ലല്ലോ എന്നായിരുന്നു ഗൗതമിയുടെ പ്രതികരണം.