നാലര കോടിക്ക് 40 ദിവസം കൊണ്ട് ഒറ്റ ഭാഗമായി മാത്രം പൂർത്തിയാക്കാനിരുന്ന ഒരു കൊച്ചു ചിത്രമായിരുന്നു ആദ്യം 'വിടുതലൈ' എന്ന് സംവിധായകൻ വെട്രിമാരൻ. 200 ദിവസത്തോളമായി ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ ആരംഭിച്ചിട്ട്, കൂടാതെ ഇപ്പോഴത് രണ്ട് ഭാഗങ്ങളുള്ള സിനിമയാണ്. നാലര മണിക്കൂറാണ് സിനിമയുടെ ഇപ്പോഴത്തെ ദൈർഘ്യം. 8 ദിവസത്തെ റോളിനായി സിനിമയിലേക്ക് വിളിച്ച വിജയ് സേതുപതിയെ കൊണ്ട് ഇപ്പോൾ 120 ദിവസത്തോളം ഷൂട്ട് ചെയ്തെന്നും വെട്രിമാരൻ പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ നടത്തിയ സംവിധായകരുടെ റൗണ്ട് ടേബിളിൽ ആണ് വെട്രിമാരൻ ഇക്കാര്യം പറഞ്ഞത്.
'രണ്ടാം ഭാഗത്തിന്റെ ഷൂട്ട് കഴിഞ്ഞു ചിത്രം റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിന് ശേഷവും ഞാൻ 65 ദിവസം ഷൂട്ട് ചെയ്തു. ഭാഗ്യവശാൽ എന്റെ അഭിനേതാക്കളെല്ലാം എന്നെ വിശ്വസിക്കുകയും അവരുടെ ബെസ്റ്റ് എനിക്ക് നൽകുകയും ചെയ്യുന്നു. എന്റെ ആദ്യ സിനിമയായ 'പൊല്ലാതവൻ' ഷൂട്ട് ചെയ്തത് 92 ദിവസം കൊണ്ടാണ് രണ്ടാമത്തെ സിനിമയായ 'ആടുകളം' പൂർത്തിയാക്കാൻ 127 ദിവസമെടുത്തു. എന്റെ വിഷനെ വിശ്വസിച്ച് എന്‍റെയൊപ്പം നില്‍ക്കുന്ന
എല്ലാ അഭിനേതാക്കളോടും നിർമാതാക്കളോടും ടീമിനോടും ഒരുപാട് നന്ദിയുണ്ട്', വെട്രിമാരൻ പറഞ്ഞു.
സൂരി, വിജയ് സേതുപതി എന്നിവർക്കൊപ്പം മഞ്ജു വാര്യരും വിടുതലെെയുടെ രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവർക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് 'വിടുതലൈ' രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
ചിത്രം ഡിസംബർ 20 ന് തിയേറ്ററിലെത്തും. 'വിടുതലൈ പാർട്ട് 2'ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. ഡി ഓ പി : ആർ. വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ.