വിജയ് സിനിമകളെല്ലാം കേരളത്തിൽ റെക്കോർഡ് ഓപ്പണിങ് നേടുന്നതും വമ്പൻ ഫൈനൽ കളക്ഷൻ ലഭിക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത 'ദി ഗോട്ട്' ആ പതിവ് തെറ്റിച്ചിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസിൽ 400 കോടിയും കടന്ന് ചിത്രം വമ്പൻ വിജയമാകുമ്പോഴും കേരളത്തിൽ ചിത്രത്തിന് അടിപതറിയിരിക്കുകയാണ്. സെപ്റ്റംബർ 5 ന് തിയേറ്ററിലെത്തിയ ചിത്രത്തിന് 13 കോടി മാത്രമാണ് ഇതുവരെ നേടാനായതെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
#TheGreatestOfAllTime Final Kerala gross - ₹13 Cr approximate ~ Disaster!!#ThalapathyViiay pic.twitter.com/jSMpMh38gj
— Kerala Box Office (@KeralaBxOffce) September 24, 2024
ആദ്യ ദിനം മുതൽ ചിത്രത്തിന് കേരളത്തിൽ മോശം പ്രതികരണമായിരുന്നു ലഭിച്ചത്. ഇത് കളക്ഷനെ സാരമായി ബാധിച്ചു. ചിത്രമിറങ്ങി രണ്ടാം ആഴ്ചയിൽ ഓണം റിലീസുകൾ കേരളത്തിലെ തിയേറ്റർ കൈയ്യടക്കിയതും 'ദി ഗോട്ടി'ന് വിനയായി. 700ലധികം സ്‌ക്രീനുകളും 4000ലധികം ഷോകളും ആയി കേരളത്തിൽ പ്രദർശനത്തിനെത്തിയ 'ദി ഗോട്ടി'ന് വെറും 5.80 കോടിയാണ് ആദ്യ ദിവസം നേടാനായത്. ഇത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പുറത്തിറങ്ങിയ വിജയ് സിനിമകളുടെ ആദ്യ ദിന കളക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറഞ്ഞ കളക്ഷനാണ്.
ലോകേഷ് കനകരാജ് ചിത്രം 'ലിയോ' നേടിയ 60 കോടിയാണ് വിജയ്‌യുടെ കേരളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ. ഈ റെക്കോർഡ് 'ദി ഗോട്ട്' മറികടക്കുമെന്ന് റിലീസിന് മുൻപ് വാർത്തകളുണ്ടായിരുന്നെങ്കിലും ചിത്രത്തിന് അത് സാധിച്ചില്ല. വിജയ്‌യുടെ പ്രകടനത്തിന് പ്രേക്ഷകർ കൈയ്യടിക്കുമ്പോഴും തിരക്കഥയിലെ ഏച്ചുകെട്ടലുകളും ചിത്രത്തിന്റെ ദൈർഘ്യവും വില്ലനാകുന്നുണ്ടെന്നായിരുന്നു കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ.
അതേ സമയം ആഗോള ബോക്സ് ഓഫീസിലും തമിഴ്നാട്ടിലും ചിത്രം വൻ മുന്നേറ്റമാണ് നടത്തുന്നത്. വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ഗോട്ടിന്‍റെ' പ്രൊഡക്ഷൻ ഹൗസ് എജിഎസ് എൻ്റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡാണ്. യുവന്‍ ശങ്കർ രാജയാണ് സംഗീതം.