അജയന്റെ രണ്ടാം മോഷണത്തെയും ടൊവിനോ തോമസിനെയും പുകഴ്ത്തി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്ൽ ആണ് ടൊവിനോയെന്നും ഓരോ കഥാപാത്രത്തിനും അദ്ദേഹം ഒരുപാട് അദ്ധ്വാനമാണ് എടുക്കുന്നതെന്നും ജൂഡ് ആന്തണി പറഞ്ഞു. മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ് അജയന്റെ രണ്ടാം മോഷണമെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ ജൂഡ് ആന്തണി കുറിച്ചു.
'ഒരു നടൻ തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ചു മിനുക്കണം എന്ന് പഠിക്കാൻ സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യൻ. 2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്റെ ഒറ്റ യെസും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാർത്ഥതയുമാണ്. ഇന്നലെ എആർഎ കണ്ടപ്പോഴും ഞാൻ ആ പാഷനേറ്റ് ആയ ആക്ടറെ വീണ്ടും കണ്ടു. അഭിനന്ദനങ്ങൾ ടീം എആർഎം', ജൂഡ് ആന്തണി കുറിച്ചു.
നടൻ നീരജ് മാധവും എആർഎമ്മിനെ പ്രശംസിച്ച് പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ആഘോഷിക്കപ്പെടേണ്ടതും സംസാരിക്കപ്പെടേണ്ടതും ആയ സിനിമയാണ് അജയന്റെ രണ്ടാം മോഷണമെന്നും ആദ്യ സിനിമയെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ ഉള്ള പ്രൊഡക്ഷൻ ക്വാളിറ്റിയും ക്രാഫ്റ്റുമാണ് സിനിമയുടേതെന്നും നീരജ് കുറിച്ചു. ടൊവിനോയുടെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ഏറെ നാളുകൾക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് ലഭിച്ച 3ഡി ചിത്രമെന്ന നിലയിൽ ഇരുകയ്യും നീട്ടിയാണ് എആർഎമ്മിനെ ഓണക്കാലത്ത് പ്രേക്ഷകർ വരവേറ്റത്.
അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് വേഷങ്ങളിൽ മികച്ച പ്രകടനമാണ് ചിത്രത്തിൽ ടൊവിനോ കാഴ്ചവച്ചിരിക്കുന്നത്. മണിയൻ എന്ന കഥാപാത്രത്തിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്.