കക്ഷി അമ്മിണിപ്പിള്ളക്കും ഒരുപാട് മുൻപ് ദുൽഖറിനോട് ഒരു ഫുട്ബോൾ പശ്ചാത്തലത്തിലുള്ള സ്ക്രിപ്റ്റ് പറഞ്ഞിരുന്നെന്നും അത് ദുൽഖറിനും അന്ന് ഇഷ്ട്ടപെട്ടെന്നും കിഷ്കിന്ധാ കാണ്ഡത്തിന്റെ സംവിധായകൻ ദിൻജിത് അയ്യത്താൻ. അലക്സ് സി കുര്യൻ ആണ് സ്ക്രിപ്റ്റ് ദുൽഖറിന് വായിച്ചു കൊടുത്തത്. എന്നാൽ ചിത്രം സംഭവിക്കാൻ മൂന്ന് നാല് കൊല്ലമെങ്കിലും എടുക്കുമെന്ന് പറഞ്ഞു കാരണം ആ സമയം ദുൽഖർ ചാർളിയടക്കമുള്ള വലിയ സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെ ആ സിനിമ നടക്കാതെ പോയെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ദിൻജിത് അയ്യത്താൻ പറഞ്ഞു.
'ഞാൻ ആരുടേയും സംവിധാന സഹായി ആയി പ്രവർത്തിച്ചിട്ടില്ല. എക്സ്പീരിയൻസ് ആയി മറ്റുള്ളവരെ കാണിക്കാൻ അവാർഡ് ഒക്കെ കിട്ടിയ ഒരു ഷോർട്ട് ഫിലിം മാത്രമേ ഉള്ളു. ആരുടേയും ആസിസ്റ്റന്റ് ആയി വർക്ക് ചെയ്തിട്ടില്ലാത്തത് കൊണ്ടും നമ്മളൊന്നും പ്രൂവ് ചെയ്തിട്ടില്ലാത്തത് കൊണ്ടും അവർക്ക് നമ്മളിൽ ഒരു ധൈര്യമില്ലായ്മ ഉണ്ട്. അങ്ങനെ ആ സിനിമ നടന്നില്ല. പിന്നെയാണ് അലക്സ് ചേട്ടൻ ആസിഫ് അലിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ കണക്ട് ചെയ്ത് തരാമെന്ന് പറയുന്നത്', ദിൻജിത് അയ്യത്താൻ പറഞ്ഞു.
ആസിഫ് അലിയെ നായകനാക്കി ദിൻജിത് അയ്യത്താൻ ഒരുക്കിയ കിഷ്കിന്ധാ കാണ്ഡം മികച്ച കളക്ഷനും അഭിപ്രായവും നേടി പ്രദർശനം തുടരുകയാണ്. ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രമാകും കിഷ്കിന്ധാ കാണ്ഡമെന്നും റിപ്പോർട്ടുകളുണ്ട്. അനൂപ് മേനോൻ, സത്യൻ അന്തിക്കാട്, 'ആട്ടം' സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷി തുടങ്ങി നിരവധി പേര്‍ സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.
തിരക്കഥ, സംവിധാനം, ഛായാഗ്രഹണം എന്നിങ്ങനെ സർവ മേഖലകളിലും മികവ് പുലർത്തിയ സിനിമയാണ് കിഷ്കിന്ധാ കാണ്ഡം എന്നും ഈ ചിത്രത്തിലൂടെ ഏറ്റവും അധികം ബോക്സ്ഓഫീസ് ഗ്യാരന്റിയുള്ള നടനായി ആസിഫ് അലി മാറിയെന്നുമാണ് അനൂപ് മേനോൻ പറഞ്ഞത്. ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്.