ആക്ഷനും കോമഡിയും ഹൊററും എല്ലാമുണ്ട്; വീക്കെൻഡ് കളറാക്കാനൊരുങ്ങി ഒടിടി ചിത്രങ്ങൾ

മലയാളത്തിൽ നിന്ന് ഭരതനാട്യം, വാഴ എന്നീ സിനിമകളാണ് ഈ ആഴ്ച ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്.

dot image

പുതിയ ചിത്രങ്ങൾ തിയേറ്ററിൽ ആളെ കൂട്ടുമ്പോൾ അതിനോടൊപ്പം മികച്ച ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ പ്രേക്ഷകർക്കായി കാത്തിരിക്കുന്നത്. തിയേറ്ററിൽ വമ്പൻ വിജയം കൊയ്ത പല ഭാഷയിലും പല ഴോണറിലുമുള്ള നിരവധി സിനിമകളാണ് ഒടിടിയിലേക്ക് എത്തുന്നത്. ഈ വർഷത്തെ ബോളിവുഡിലെ ഏറ്റവും വലിയ വിജയ ചിത്രമായ 'സ്ത്രീ 2' സെപ്റ്റംബർ 26 മുതൽ ആമസോൺ പ്രൈം റെന്റിലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. 349 രൂപയാണ് പ്രൈമിൽ ചിത്രം കാണാനായി പ്രേക്ഷകർ നൽകേണ്ടത്. 60 കോടി മുതൽമുടക്കിലെത്തിയ 'സ്ത്രീ 2' 600 കോടിക്കും മുകളിലാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്.

നാനി, എസ് ജെ സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിവേക് ആത്രേയ സംവിധാനം ചെയ്ത 'സരിപോദാ ശനിവാരം' ഇന്നുമുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. 'സൂര്യാസ്‌ സാറ്റർഡേ' എന്ന പേരിലാണ് ചിത്രം മലയാളത്തിലും തമിഴിലും പുറത്തിറങ്ങിയത്. ചിത്രത്തിന്റെ എല്ലാ പതിപ്പുകളും നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മലയാളിയായ ജേക്സ് ബിജോയ് ആണ് ചിത്രത്തിനായി സംഗീത സംവിധാനം ഒരുക്കിയത്. ചിത്രത്തിലെ നാനിയുടെയും എസ് ജെ സൂര്യയുടെ പ്രകടനങ്ങൾക്കും ജേക്സിന്റെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായമായിരുന്നു നേടിയത്.

മലയാളത്തിൽ നിന്ന് രണ്ട് സിനിമകളാണ് ഈ ആഴ്ച ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്. വിപിൻ ദാസ് തിരക്കഥയെഴുതി ആനന്ദ് മേനോൻ സംവിധാനം ചെയ്‌ത 'വാഴ' സെപ്റ്റംബർ 23 ന് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഒടിടിയിലും ലഭിക്കുന്നത്. ഈ വർഷം കണ്ടതിൽ ഏറ്റവും റിലേറ്റബിൾ ആയ സിനിമയാണ് 'വാഴ'യെന്നും അവസാനത്തെ 30 മിനിറ്റ് കണ്ണ് നനയിച്ചെന്നുമാണ് ഒടിടി റിലീസിന് ശേഷമുള്ള പ്രതികരണങ്ങൾ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമക്ക് നല്ല അഭിപ്രായം ലഭിക്കുന്നുണ്ട്.

നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത സായ് കുമാർ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിലെത്തിയ 'ഭരതനാട്യം' എന്ന കോമഡി ചിത്രം മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിലെ കോമഡി രംഗങ്ങൾക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കലാരഞ്ജിനി, അഭിറാം രാധാകൃഷ്ണന്‍, ശ്രീജ രവി, ശ്രുതി സുരേഷ്, സ്വാതി ദാസ് പ്രഭു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

തമിഴ് ഹൊറർ ചിത്രമായ 'ഡിമോണ്ടെ കോളനി 2' നാളെ മുതൽ സീ 5 ലൂടെ സ്ട്രീമിങ് ആരംഭിക്കും. 2015 ൽ പുറത്തിറങ്ങിയ 'ഡിമോണ്ടെ കോളനി'യുടെ രണ്ടാം ഭാഗമായ ചിത്രം തിയേറ്ററിൽ മികച്ച വിജയം നേടിയിരുന്നു. അരുൾനിധി, പ്രിയാഭവാനി ശങ്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

dot image
To advertise here,contact us
dot image