സൂപ്പർഹിറ്റ് സംവിധായകൻ ശങ്കർ ഒരുക്കുന്ന അടുത്ത ചിത്രത്തിലൂടെ സൂര്യയും വിക്രമും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. തമിഴിലെ പ്രശസ്ത നോവൽ 'വീരയുഗ നായകൻ വേൽപ്പാരി'യുടെ ചലച്ചിത്രാവിഷ്ക്കാരത്തിലൂടെയാകും ഇരുവരും വീണ്ടും ഒന്നിക്കുക എന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ട്. ഇവ സ്ഥിരീകരിക്കപ്പെട്ടാല്‍ 21 വർഷത്തിന് ശേഷം വിക്രവും സൂര്യയും ഒന്നിക്കുന്ന ചിത്രമായി ശങ്കര്‍ ചിത്രം മാറും. ബാല സംവിധാനം ചെയ്ത പിതാമകൻ എന്ന സിനിമയിലായിരുന്നു നേരത്തെ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
ശങ്കറും വിക്രവും ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്. മുമ്പ് അന്യൻ, ഐ എന്നീ സിനിമകൾക്കായാണ് ഇരുവരും കൈ കൊടുത്തത്. ശങ്കറിനൊപ്പമുള്ള സൂര്യയുടെ ആദ്യ ചിത്രം കൂടിയാകും ഇത്. നേരത്തെ വിജയ് നായകനായ നൻപൻ എന്ന സിനിമയിൽ സൂര്യയെ പരിഗണിച്ചിരുന്നു. എന്നാൽ പിന്നീട് ഡേറ്റ് ക്ലാഷ് മൂലം അത് സംഭവിച്ചില്ല.
തമിഴകത്തെ ഏറ്റവും പ്രശസ്തമായ നോവലുകളിൽ ഒന്നാണ് എസ് വെങ്കടേശൻ എഴുതിയ 'വീരയുഗ നായകൻ വേൽപ്പാരി'. ഇതിന്റെ അവകാശം ശങ്കർ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, താൻ പകർപ്പവകാശം നേടിയ നോവലിന്‍റെ ആശയം പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമയുടെ ട്രെയിലറിൽ കണ്ടെന്ന് ആരോപിച്ച് ശങ്കർ രംഗത്ത് വന്നിരുന്നു. ഇത് ഏറെ വേദനാജനകവും അസ്വസ്ഥതപ്പെടുത്തുന്നതുമാണെന്നും, ദയവായി സിനിമകളിലും വെബ് സീരീസുകളിലും തുടങ്ങി ഒരു മാധ്യമത്തിലും ഈ നോവലിലെ രംഗങ്ങൾ ഉപയോഗിക്കരുത് എന്നായിരുന്നു ശങ്കർ പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ ഇത് വൻ ചർച്ചയ്ക്ക് വഴിതെളിയിച്ചിരുന്നു. ഏത് സിനിമയെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചതെന്നാണ് ചര്‍ച്ചയായത്. സൂര്യ നായകനായ കങ്കുവയെയാണെന്ന ചിലരും
അതല്ല, ജൂനിയർ എൻടിആറിന്റെ ദേവരയെക്കുറിച്ചാണെന്നും അഭിപ്രായങ്ങളുയർന്നിരുന്നു.