കോപ്പിയടിയല്ല, അയ്യപ്പനും കോശിയും ചിത്രത്തിലെ റഫറൻസ് ഉണ്ട് 'ലബ്ബർ പന്തി'ൽ: തമിഴരശൻ ​​പച്ചമുത്തു

'അയ്യപ്പനും കോശിയും കഥാപാത്രങ്ങളുടെ രചനാരീതി എനിക്കേറെ ഇഷ്ടമാണ്'

dot image

തമിഴരശൻ ​​പച്ചമുത്തു രചനയും സംവിധാനവും നിർവ്വഹിച്ച ഒരു സ്‌പോർട്‌സ് കോമഡി ഡ്രാമ ചിത്രമാണ് ലബ്ബർ പന്ത്. ഈ മാസം 25 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ നായക കഥാപാത്രങ്ങൾ എഴുതിയതിന് പിന്നിലെ പ്രചോദനം മലയാള സിനിമ അയ്യപ്പനും കോശിയുമാണെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ തമിഴരശൻ ​​പച്ചമുത്തു.

തൻ്റെ ജീവിതത്തിൻ്റെ ചില ഭാഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥയെഴുതിയതെങ്കിലും പ്രധാന കഥാപാത്രങ്ങൾ 2020-ലെ നിരൂപക പ്രശംസ നേടിയ മലയാളം ചിത്രമായ അയ്യപ്പനും കോശിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് തയ്യാറാക്കിയതെന്ന് ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിൽ തമിഴരശൻ ​​വെളിപ്പെടുത്തി.

'അയ്യപ്പനും കോശിയും കഥാപാത്രങ്ങളുടെ രചനാരീതി എനിക്കേറെ ഇഷ്ടമാണ്. ചിത്രത്തിലെ ബിജു മേനോൻ്റെ കഥാപാത്രവും ഭാര്യയുടെ കഥാപാത്രവും എന്നെ വല്ലാതെ സ്വാധീനിച്ചു. സമാനമായ കഥാഗതിയുള്ള ഒരു സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിച്ചില്ല, പക്ഷേ ആ കഥാപാത്രങ്ങൾക്ക് സമാനമായ എന്തെങ്കിലും സൃഷ്ടിക്കാൻ ആഗ്രഹിച്ചു. അങ്ങനെയാണ് എന്റെ ചിത്രത്തിലെ രണ്ടു കഥാപാത്രങ്ങൾക്കും അയ്യപ്പനും കോശിയിലെയും കഥാപാത്രങ്ങളുടെ സ്വഭാവം നൽകിയത്'. എന്നാണ് തമിഴരശൻ ​​പറഞ്ഞത്.

ഹരീഷ് കല്യാൺ, അട്ടകത്തി ദിനേഷ്, സ്വാസിക, സഞ്ജന കൃഷ്ണമൂർത്തി എന്നിവരാണ് ലബ്ബർ പന്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച കളക്ഷനോടെ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

dot image
To advertise here,contact us
dot image