മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. പല ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭുലയ്യ. അക്ഷയ് കുമാർ നായകനായി എത്തിയ ചിത്രം ബോളിവുഡിൽ വലിയ വിജയം നേടിയിരുന്നു. തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
ഭൂൽ ഭുലയ്യ 3 എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ഭാഗം ദീപാവലി റിലീസായി തിയേറ്ററിലെത്തും. ആദ്യ ഭാഗത്തിൽ മഞ്ജുളിക എന്ന കഥാപാത്രമായി എത്തിയ വിദ്യാ ബാലൻ മൂന്നാം ഭാഗത്തിൽ തിരികെയെത്തുന്നുണ്ട്. ഹൊററിനും കോമഡിക്കും ഒരുപോലെ സാധ്യതയുള്ള ചിത്രമാകും ഭൂൽ ഭുലയ്യ 3 എന്നാണ് ടീസർ നൽകുന്ന സൂചന. കാർത്തിക് ആര്യൻ നായകനായി എത്തുന്ന ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് തൃപ്തി ഡിമ്രിയാണ്. സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ്, മനീഷ് വാധ്വ, രാജേഷ് ശർമ്മ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അനീസ് ബാസ്മിയാണ് മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്.
അതേസമയം മലയാളത്തിൽ മണിച്ചിത്രത്താഴ് തീയേറ്ററുകളിൽ റീ റിലീസ് ചെയ്തിരുന്നു. 4.4 കോടി രൂപയാണ് ചിത്രം റീറിലീസിലൂടെ മാത്രം സ്വന്തമാക്കിയത്. മൂന്ന് കോടി രൂപ കേരളത്തിൽ നിന്നും 40 ലക്ഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒരു കോടി ഓവർസീസിലൂടെയുമാണ് ലഭിച്ചത്. 2024 ആഗസ്റ്റ് 17 നായിരുന്നു ചിത്രം തിയേറ്ററുകളിൽ വീണ്ടുമെത്തിയത്.
1993 ലാണ് 'മണിച്ചിത്രത്താഴ്' റിലീസ് ചെയ്തത്. ശോഭനയ്ക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഒപ്പം നെടുമുടി വേണു, ഇന്നസെന്റ്, കെപിഎസി ലളിത, വിനയ പ്രസാദ്, കെ ബി ഗണേഷ്‌കുമാര്, സുധീഷ്, കുതിരവട്ടം പപ്പു, ശ്രീധര്, തിലകന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണിച്ചിത്രത്താഴിലെ അഭിനയത്തിന് നടി ശോഭനയ്ക്ക് ആ വർഷത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.