പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാൽ ചിത്രം 'എമ്പുരാൻ' ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം ബ്ലോക്ക് ബസ്റ്റർ ആയതിനാൽ തന്നെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ ആവേശം ചില്ലറയൊന്നുമല്ല. ചിത്രത്തിന്റേതായി വരുന്ന എല്ലാ അപ്പ്ഡേറ്റുകളും അണിയറ പ്രവർത്തകരുടെ വാക്കുകളും സോഷ്യൽ മീഡിയയിൽ കത്തി പടരാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സംഗീത സംവിധായകൻ ദീപക് ദേവ് ക്ലബ് എഫ്എമ്മിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
'എമ്പുരാനെക്കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാൻ എനിക്ക് അനുവാദമില്ല. എങ്കിലും സന്തോഷം കൊണ്ട് കുറച്ചു കാര്യങ്ങൾ പറയാം. പശ്ചാത്തല സംഗീതം ചെയ്യുന്നതിന് വേണ്ടി സ്പോട്ട് എഡിറ്ററുടെ കയ്യിൽ നിന്ന് എനിക്ക് സിനിമയുടെ വിഷ്വൽ അയക്കാറുണ്ട്. ആ വിഷ്വലിനെ സംബന്ധിച്ച് നമുക്ക് പ്രതീക്ഷിക്കാവുന്ന ഒരു ക്വാളിറ്റി ഉണ്ട്. സ്പോട്ട് എഡിറ്ററുടെ കട്ട് ആയതുകൊണ്ട് അതിന്റെ മേൽ ആരും അഭിപ്രായം പറയാറില്ല. ഈ വിഷ്വലിന്റെ മുകളിൽ കളറിംഗ് ഉൾപ്പെടെ ഒരുപാട് ജോലികൾ ബാക്കിയുണ്ട്. പക്ഷെ സ്പോട്ട് എഡിറ്റിൽ അയച്ചുതന്ന എമ്പുരാന്റെ ഒരു മെറ്റീരിയൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ആ വിഷ്വൽ മാത്രം വെച്ച് മ്യൂസിക് ചെയ്‌താൽ അവസാനത്തെ കട്ട് ആണെന്ന് ആളുകൾ ചിലപ്പോൾ വിശ്വസിച്ചുപോകും'. ദീപക് ദേവ് പറഞ്ഞു.
പണച്ചിലവുള്ള കുറെ കാര്യങ്ങൾ സിനിമയിൽ ഉണ്ട്. സി ജി ഉപയോഗിച്ച് വണ്ടി പൊളിക്കാം എന്ന് നമ്മൾ കരുതുന്ന ഇടങ്ങളിൽ ഒറിജിനലായി വണ്ടികൾ പൊളിച്ചിരിക്കുകയാണ്. ഈ ഷോട്ട് ഒക്കെ റീ ടേക്ക് വന്നാൽ എന്ത് ചെയ്യുമെന്ന് ഞാൻ പ്രിഥ്വിയോട് ചോദിച്ചു. കൃത്യമായി റിഹേഴ്സൽ ചെയ്തിട്ടാണ് വണ്ടികൾ തകർക്കുന്നത് എന്നാണ് പൃഥ്വി പറഞ്ഞത്. സ്ഫോടനങ്ങളെല്ലാം ലൈവായിരുന്നു. പ്രിഥ്വി പറഞ്ഞത് ഇങ്ങനെ.
അതേസമയം, എമ്പുരാന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിന്റെ ലൊക്കേഷനിലേക്ക് പോകാനാണ് തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ തുടങ്ങുമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വം. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി.പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്.