ഹാരി പോര്‍ട്ടറിലെ പ്രൊഫസര്‍ മിനര്‍വ; പ്രമുഖ ഹോളിവുഡ് താരം മാഗി സ്മിത്ത് അന്തരിച്ചു

1969 ല്‍ പുറത്തിറങ്ങിയ 'ദ പ്രൈം ഓഫ് മിസ് ജീന്‍ ബ്രോഡി' എന്ന ചിത്രത്തിലെ അഭിനയത്തിന് മാഗി സ്മിത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്

dot image

ലണ്ടന്‍: പ്രമുഖ ഹോളിവുഡ് താരം മാഗി സ്മിത്ത് അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയിലാണ് മരണം. മക്കളായ ക്രിസ് ലാര്‍ക്കിനും ടോബി സ്റ്റീഫന്‍നും മാഗി സ്മിത്തിന്റെ മരണം സ്ഥിരീകരിച്ച് സംയുക്ത പത്രക്കുറിപ്പ് പുറത്തിറക്കി.

ഹാരിപോര്‍ട്ടര്‍ സീരിസിലെ പ്രൊഫസര്‍ മിനര്‍വ മക്‌ഗൊനാഗല്‍ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടിയാണ് മാഗി സ്മിത്ത്. ആ കഥാപാത്രം മാഗിക്ക് നിരവധി ആരാധകരെ സമ്മാനിച്ചു. ബ്രിട്ടീഷ് ചരിത്ര ടെലിവിഷന്‍ പരമ്പരയായ ഡൗണ്ടണ്‍ ആബിയിലെ കഥാപാത്രവും ഏറെ ശ്രദ്ധപിടിച്ചുപറ്റി. 1969 ല്‍ പുറത്തിറങ്ങിയ 'ദ പ്രൈം ഓഫ് മിസ് ജീന്‍ ബ്രോഡി' എന്ന ചിത്രത്തിലെ അഭിനയത്തിന് മാഗി സ്മിത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1978 ല്‍ പുറത്തിറങ്ങിയ കാലിഫോര്‍ണിയ സൂട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരവും മാഗി സ്വന്തമാക്കി. ഇതിന് പുറമേ നാല് എമ്മി പുരസ്‌കാരങ്ങളും മാഗി നേടി.

1934 ഡിസംബര്‍ 28 ന് ഇംഗ്ലണ്ടിലെ ഇല്‍ഫോര്‍ഡിലാണ് ഡേം മാര്‍ഗരറ്റ് നതാലി സ്മിത്ത് എന്ന മാഗി സ്മിത്തിന്റെ ജനനം. പിതാവ് സ്മിത്ത് 1939-ല്‍ ഓക്സ്ഫോര്‍ഡിലെ യുദ്ധകാല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നു. ഈ സമയത്ത് ഓക്സ്ഫോര്‍ഡ് പ്ലേഹൗസ് സ്‌കൂളിലെ തീയറ്റര്‍ പഠനം മാഗിയെ നടിയെന്ന നിലയില്‍ അടയാളപ്പെടുത്തി. മറ്റൊരു മാര്‍ഗരറ്റ് സ്മിത്ത് ലണ്ടനിലെ തീയറ്റര്‍ രംഗത്ത് സജീവമായിരുന്നതിനാല്‍ മാഗി എന്നത് തന്റെ സ്റ്റേജ് പേരായി അവര്‍ സ്വീകരിച്ചു. ലോറന്‍സ് ഒലിവിയര്‍ മാഗിയുടെ കഴിവുകള്‍ കണ്ട് നാഷണല്‍ തീയറ്റര്‍ കമ്പനിയുടെ ഭാഗമാകാന്‍ അവരെ ക്ഷണിക്കുകയും 1965-ല്‍ 'ഒഥല്ലോ' യുടെ ചലച്ചിത്രാവിഷ്‌കാരത്തില്‍ സഹനടിയായി അവസരം നല്‍കുകയും ചെയ്തു. ട്രാവല്‍സ് വിത്ത് മൈ ആന്റ്, എ റൂം വിത്ത് എ വ്യൂ, ഗോസ്‌ഫോര്‍ഡ് പാര്‍ക്ക്, മൈ ഓള്‍ഡ് ലേഡി, ദ ലേഡി ഇന്‍ ദ വാന്‍ തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ മാഗി സ്മിത്ത് വേഷമിട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us