റെക്കോർഡുകൾ ഇനി ട്രാക്കിൽ അടയാളപ്പെടുത്തും; 'അജിത് കുമാർ റേസിം​ഗ്' ടീം പ്രഖ്യാപിച്ച് നടൻ അജിത്

വരാനിരിക്കുന്ന യൂറോപ്യൻ റേസിങ് സീസണിലൂടെയാണ് അജിത് റേസിം​ഗിലേക്ക് തിരിച്ചെത്തുന്നത്.

dot image

അഭിനയം പോലെ തന്നെ യാത്രകളോടും കാറുകളോടും റേസിങ്ങിനോടുമുള്ള നടൻ അജിത്കുമാറിന്റെ ഇഷ്ടം എല്ലാവർക്കും സുപരിചിതമാണ്. ഇപ്പോഴിതാ സ്വന്തമായി റേസിം​ഗ് ടീം പ്രഖ്യാപിച്ചിരിക്കുകയാണ് അജിത്. 'അജിത് കുമാർ റേസിം​ഗ്' എന്നാണ് ടീമിന്റെ പേര്. അജിത്തിന്റെ മാനേജർ കൂടിയായ സുരേഷ് ചന്ദ്രയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

ആവേശകരമായ പുതിയ സാഹസികതയ്ക്ക് തുടക്കം കുറിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സുരേഷ് ചന്ദ്ര അറിയിച്ചത്. ഫാബിയൻ ഡഫിയുക്സ്വിൽ ആണ് അജിത് കുമാർ റേസിങ്ങിന്റെ ഔദ്യോഗിക ഡ്രൈവർ. ഒരിടവേളയ്ക്ക് ശേഷമാണ് അജിത് വീണ്ടും റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തുന്നത്. വരാനിരിക്കുന്ന യൂറോപ്യൻ റേസിങ് സീസണിലൂടെയാണ് അജിത് റേസിം​ഗിലേക്ക് തിരിച്ചെത്തുന്നത്.

എഫ്ഐഎ ചാംപ്യൻഷിപ് തുടങ്ങിയ ഇന്റർനാഷണൽ റേസിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചിട്ടുള്ള ചുരുക്കം ചില ഇന്ത്യക്കാരിൽ ഒരാളാണ് അജിത്. പിന്നീട് ദേശീയ സിംഗിൾ-സീറ്റർ റേസിങ് ചാംപ്യൻഷിപ്പ്, ഏഷ്യൻ ഫോർമുല ബിഎംഡബ്ല്യു ചാംപ്യൻഷിപ്പ്, ബ്രിട്ടീഷ് ഫോർമുല 3 ചാംപ്യൻഷിപ്പ് തുടങ്ങിയവയിൽ അജിത് പങ്കെടുത്തിരുന്നു.

അടുത്തിടെ റേസിങ്ങിൽ സജീവമാകുന്നതിന്റെ ഭാ​ഗമായി അജിത് സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ ഒരുങ്ങുകയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം ഇപ്പോൾ സ്വന്തമായി റേസിം​ഗ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

വിടാമുയർച്ചിയാണ് ഇനി പുറത്തിറങ്ങാനുള്ള അജിത് ചിത്രം. മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

dot image
To advertise here,contact us
dot image