ഓപ്പണിങ് കളക്ഷനിൽ റെക്കോർഡ് തീർത്ത് ജൂനിയർ എൻടിആറിന്റെ 'ദേവര'. ആദ്യ ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 172 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയെന്ന് നിർമാതാക്കൾ അറിയിച്ചു. ആദ്യ ദിനം പോലെ തന്നെ രണ്ടാം ദിനത്തിലും വിവിധ തീയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളാണ് നടക്കുന്നത്.
ദേവരയുടെ നിർമാതാക്കളായ യുവസുധ ആർട്സ്, എൻടിആർ ആർട്സ് എന്നിവരാണ് ആദ്യ ദിനത്തിലെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. 'ആദ്യ ദിനം 172 കോടി നേടി ലോകം മുഴുവൻ കുലുക്കി മാൻ ഓഫ് മാസസ് ജൂനിയർ എൻടിആർ' എന്നാണ് നിർമാണ കമ്പനിയുടെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ദേവരയായി ജൂനിയർ എൻടിആർ അഭിനയിച്ചപ്പോൾ ഭൈര എന്ന വില്ലൻ വേഷത്തിൽ സെയ്ഫ് അലിഖാനും തങ്കമായി ജാൻവി കപൂറും എത്തി. മൂന്ന് താരങ്ങളുടെയും ആരാധകർക്ക് ആഘോഷിക്കാനുള്ള വക ചിത്രത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ മുപ്പതിനായിരത്തിലേറെ ബുക്കിങ്ങുമായി രണ്ടാം ദിനവും ട്രെൻഡിങിലാണ് ചിത്രം. തെലുങ്കിലും മലയാളത്തിലും തമിഴിലും മികച്ച ബുക്കിങ്ങുകളാണ് ലഭിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രർ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം.
ചിത്രം വരും ദിവസങ്ങളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന് റിലീസിന് മുൻപ് തന്നെ മികച്ച പ്രീ റിലീസ് ബിസിനസ് നടന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ദേവര' രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ദേവരയുടെ ആദ്യ ഭാഗം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.
'ജനത ഗ്യാരേജി'ന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരിക്കൽ കൂടി ഒരുമിക്കുന്ന 'ദേവര' യിൽ പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, എഡിറ്റർ: ശ്രീകർ പ്രസാദ്. പിആർഒ: ആതിര ദിൽജിത്ത്.