ജൂനിയര്‍ എൻടിആർ നായകനായെത്തിയ ദേവര തിയേറ്ററുകളിൽ തരംഗമായി എന്ന് തെളിയിക്കുന്നതാണ് പുറത്തു വരുന്ന കളക്ഷൻ റിപ്പോർട്ടുകൾ. ആദ്യ ദിനം തന്നെ ആഗോളതലത്തിൽ 172 കോടി സ്വന്തമാക്കിയ ചിത്രം കേരളത്തിലും നേടിയ കളക്ഷൻ മോശമല്ല. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് 60 ലക്ഷം രൂപയാണ് ദേവര സ്വന്തമാക്കിയിരിക്കുന്നത്.
2.1 കോടി രൂപ തമിഴ്‌നാട്ടിൽ നിന്നും 10.5 കോടി കര്‍ണാടകയിൽ നിന്നും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. 74.3 കോടി രൂപ തെലുങ്കിൽ നിന്നും ഉത്തരേന്ത്യയില്‍ നിന്ന് 10.5 കോടിയുമാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ആകെ ഇന്ത്യൻ കളക്ഷൻ 98 കോടി രൂപയാണ്.
അതേസമയം മുൻ കാലങ്ങളിൽ തമിഴ് ചിത്രങ്ങള്‍ മാത്രമാണ് മലയാളികള്‍ ഇത്തരത്തില്‍ ആഘോഷിച്ചിരുന്നതെങ്കില്‍ ഇന്ന് തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളും കേരളത്തില്‍ നിന്ന് മികച്ച കളക്ഷന്‍ നേടുന്നുണ്ട്. ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ മുപ്പതിനായിരത്തിലേറെ ബുക്കിങ്ങുമായി രണ്ടാം ദിനവും ട്രെൻഡിങിലാണ് ചിത്രം. തെലുങ്കിലും മലയാളത്തിലും തമിഴിലും മികച്ച ബുക്കിങ്ങുകളാണ് ലഭിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രർ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം.
ചിത്രം വരും ദിവസങ്ങളിൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന് റിലീസിന് മുൻപ് തന്നെ മികച്ച പ്രീ റിലീസ് ബിസിനസ് നടന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ദേവര' രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ദേവരയുടെ ആദ്യ ഭാഗം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്. 50 ലക്ഷത്തിനാണ് കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം ദുൽഖർ സൽമാൻ സ്വന്തമാക്കിയതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.