ടൊവിനോ തോമസ് നായകനായി എത്തിയ അജയന്റെ രണ്ടാം മോഷണം തിയേറ്ററുകളിൽ ആളെ നിറച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് ചിത്രം കടക്കുമ്പോൾ 100 കോടിയും സ്വന്തമാക്കി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ട് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
30 കോടി ബജറ്റിലൊരുങ്ങിയ ചിത്രമാണ് എആർഎം. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എആർഎമ്മിന് മുൻപ് 100 കോടി ക്ലബ്ബിലെത്തിയ ടൊവിനോ ചിത്രം 2018 ആയിരുന്നു. മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്നു 2018 എന്നത് കണക്കാക്കുമ്പോള്‍ ടൊവിനോയുടെ ആദ്യ സോളോ 100 കോടി കൂടിയാണ് എ.ആര്‍.എം.
🔥 Witness history in the making! 💥 Our film @armthemovie has crossed the monumental 100 Cr+ mark worldwide, and it’s all thanks to YOU! 🎉✨#ARM3D pic.twitter.com/m0nTM45Dve
— Magic Frames (@magicframes2011) September 29, 2024
ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന എആർഎം നവാഗതനായ ജിതിൻ ലാലാണ് സംവിധാനം ചെയ്തിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് സിനിമയുടെ നിർമ്മാണം. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദ്. തമിഴിൽ കന, ചിത്ത തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം.