ചലച്ചിത്ര പ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ് അക്ഷയ് കുമാർ-പ്രിയദർശൻ കോംബോ. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹൊറർ കോമഡി ചിത്രമായ 'ഭൂത് ബംഗ്ല'യ്ക്കായി ഇവർ വീണ്ടും ഒന്നിക്കുകയാണ്. അക്ഷയ് കുമാറിനൊപ്പം ചേർന്ന് താൻ ചെയ്ത സിനിമകളെല്ലാം ഹിറ്റാണെന്നും പതിനാല് വർഷത്തിനിപ്പുറം വീണ്ടും ഒരുമിച്ചെത്തുമ്പോൾ വിജയം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രിയദർശൻ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഐ.എഫ്.എഫ്.ഐ അവാര്‍ഡ്സിനായി അബുദാബിയിലെത്തിയപ്പോഴാണ് അദ്ദേഹം പുതിയ സിനിമയെയും അക്ഷയ് കുമാറിനെയും കുറിച്ച് സംസാരിച്ചത്.
'ഞാൻ അദ്ദേഹത്തിനൊപ്പം ചെയ്ത സിനിമകളെല്ലാം സൂപ്പർ ഹിറ്റാണ്. ആളുകൾ പറയുന്നത് അക്ഷയ് കോമഡി റോളുകൾ ചെയ്യാൻ കാരണം ഞാൻ ആണ് എന്നാണ്. പക്ഷേ ഞാൻ അത് വിശ്വസിക്കുന്നില്ല. ഞാൻ അദ്ദേഹത്തിന്റെ നർമബോധത്തെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഞങ്ങൾ പതിനാല് വർഷത്തിന് ശേഷമാണ് ഒരുമിക്കുന്നത്. അത് വർക്ക് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
വലിയ വെല്ലുവിളിയാണിത്. പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിക്കുമോയെന്ന് എനിക്ക് അറിയില്ല, പക്ഷേ കഴിവിന്റെ പരമാവധി അതിന് വേണ്ടി ഞാൻ ശ്രമിക്കും. വളരെ അച്ചടക്കമുള്ള നടനാണ് അക്ഷയ്. അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍, ഏറ്റവും അർപ്പണബോധമുള്ള, കൃത്യസമയത്ത് സെറ്റിൽ വരുന്ന ഒരു നടൻ കൂടിയാണ് അദ്ദേഹം. സംവിധായകൻ പറയുന്നത് കേൾക്കാൻ അദ്ദേഹം എപ്പോഴും തയ്യാറാണ്,' പ്രിയദർശൻ പറഞ്ഞു.
ഹേരാ ഫേരി, ഗരം മസാല, ഭാഗം ഭാഗ്, ദേ ദന ദാൻ തുടങ്ങി നിരവധി ഹിറ്റ് കോമഡി ചിത്രങ്ങൾ അക്ഷയ്-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുണ്ട്. 2010-ൽ പുറത്തിറങ്ങിയ 'ഖട്ടാ മീട്ടാ'യാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. തുടർപരാജയങ്ങൾ ഏറ്റുവാങ്ങുന്ന അക്ഷയ് കുമാറിന് ഗംഭീര തിരിച്ചുവരവാകും ഭൂത് ബംഗ്ല എന്നാണ് ആരാധകരുടെ പ്രതീക്ഷ.