'അനിമൽ' എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിൽ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്തിരിക്കുകയാണ് നടൻ രൺബീർ കപൂർ. ഒരു റൊമാന്റിക് ഹീറോയിൽ നിന്ന് ആക്ഷൻ ഹീറോയിലേക്കുള്ള രൺബീറിന്റെ ചുവടുവെപ്പായിരുന്നു 'അനിമൽ'. 900 കോടി നേടിയ അനിമലിന്റെ വൻ വിജയത്തിന് ശേഷം വലിയ സിനിമകളാണ് ഇനി രൺബീറിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. 2028 വരെയുള്ള രൺബീർ സിനിമകളെല്ലാം ഇപ്പോൾ തന്നെ തീരുമാനമായിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
RANBIR KAPOOR BOOKED TILL 2028#RK22: #LoveAndWar#RK23: #Ramayana#RK24: #Ramayana2#RK25: #Dhoom4#RK26: #AnimalPark #RanbirKapoor set to dominate with a BLOCKBUSTER line-up on paper! #HappyBirthdayRanbirKapoor pic.twitter.com/QoZuPPlB51
— Himesh (@HimeshMankad) September 28, 2024
സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന 'ലവ് ആൻഡ് വാർ' എന്ന ചിത്രമാണ് അടുത്തതായി രൺബീറിന്റേതായി പുറത്തിറങ്ങുന്ന സിനിമ. വിക്കി കൗശൽ, ആലിയ ഭട്ട് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും. 17 വർഷങ്ങൾക്ക് ശേഷം ബൻസാലിയും രൺബീറും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'ലവ് ആൻഡ് വാർ'. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് ഈ വർഷം അവസാനം ആരംഭിക്കും.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണം' ആണ് പുറത്തിറങ്ങാനുള്ള മറ്റൊരു രൺബീർ ചിത്രം. 700 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിൽ സീതയായി എത്തുന്നത് സായി പല്ലവിയാണ്. യഷ് ആണ് ചിത്രത്തിൽ രാവണന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ഷൂട്ടിംഗ് ആരംഭിച്ച രാമായണത്തിന്റെ ആദ്യ ഭാഗം 2025 ൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
ബോളിവുഡ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയ വാർത്തയായിരുന്നു ഇന്നലെ രൺബീറിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് പുറത്തുവന്നത്. ബോളിവുഡിലെ മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്നായ ധൂമിന് നാലാം ഭാഗം ഒരുങ്ങുന്നെന്നും ചിത്രത്തിൽ രൺബീർ കപൂറാണ് പ്രധാന വേഷത്തിൽ എത്തുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രൺബീർ കപൂറിന്റെ ഇരുപത്തിയഞ്ചാമത് ചിത്രമായി ഒരുങ്ങുന്ന ധൂം നാലാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
ആദ്യ മൂന്ന് ഭാഗങ്ങളുടെ തുടർച്ചയായി അല്ലാതെയാണ് ഈ ചിത്രമൊരുങ്ങുക. ആദ്യ മൂന്ന് ഭാഗങ്ങളിലും പ്രധാന വേഷത്തിലെത്തിയ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും നാലാം ഭാഗത്തിൽ ഉണ്ടായിരിക്കില്ല. പകരം ബോളിവുഡിൽ നിന്നുള്ള രണ്ടു പുതിയ താരങ്ങളാകും ആ വേഷം കൈകാര്യം ചെയ്യുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2025 അവസാനമോ 2026 തുടക്കത്തിലോ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.
സന്ദീപ് റെഡ്ഢി വങ്കയൊരുക്കിയ അനിമലിന്റെ രണ്ടാം ഭാഗമായ അനിമൽ പാർക്കും രൺബീറിന്റെ ലൈനപ്പിലുള്ള ചിത്രമാണ്. അനിമലിന്റെ അവസാനം രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ സംവിധായകൻ തന്നിരുന്നു. ഒരു ആക്ഷൻ വയലന്റ് ചിത്രമാകും 'അനിമൽ പാർക്ക്' എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന 'സ്പിരിറ്റ്' എന്ന ചിത്രത്തിന് ശേഷമാകും സന്ദീപ് റെഡ്ഢി വങ്ക അനിമൽ പാർക്കിലേക്ക് കടക്കുക.