സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ '44' . ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 'നേരുക്ക് നേര്', 'സിങ്കം', 'ജയ് ഭീം' എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രകാശ് രാജ് സൂര്യയ്‌ക്കൊപ്പമുള്ള നാലാമത്തെ ചിത്രമാണ് 'സൂര്യ 44'. ഇന്ത്യ ഗ്ലിറ്റ്സ് റിപ്പോർട്ട് അനുസരിച്ച് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രകാശ് രാജാണ്. ചിത്രത്തിൽ സൂര്യയും പ്രകാശ് രാജും തമ്മിലുള്ള സംഘട്ടന രംഗങ്ങൾ ചിത്രീകരണം കഴിഞ്ഞെന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം സിനിമയുടെ ഒടിടി അവകാശം പ്രമുഖ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. 80 കോടി രൂപയ്ക്കാണ് സിനിമയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്.
സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'സൂര്യ 44'. 'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സൂര്യ 44'ന്റെ ടാഗ് ലൈൻ. സിനിമയിൽ മലയാളത്തിൽ നിന്ന് ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'പൊന്നിയിൻ സെൽവ'ന് ശേഷം ജയറാം അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.