'ഇത് ജ്യോതിർമയി 2.O,ഡാൻസിൽ ചാക്കോച്ചനെ വെല്ലാനാളില്ല'; 'സ്തുതി'യെ വാഴ്ത്തി സോഷ്യല്‍ മീഡിയ

മലയാളത്തിലെ ഏറ്റവും മികച്ച ഡാൻസർമാരിൽ ഒരാളാണ് ഇന്നും കുഞ്ചാക്കോ ബോബൻ എന്നാണ് പ്രതികരണങ്ങൾ.

dot image

ആദരാഞ്ജലി, കുതന്ത്രം, ഇല്ലുമിനാറ്റി തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ശേഷം മറ്റൊരു സുഷിൻ ശ്യാം ഗാനം കൂടി ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്. അമൽ നീരദ് സംവിധാനം ചെയ്ത് ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ബോഗയ്‌ന്‍വില്ല'യിലെ സ്തുതി എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണം നേടുന്ന ഗാനത്തിനൊപ്പം ചർച്ചയാകുകയാണ് ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും.

ഗാനത്തിന്റെ വീഡിയോയിലെ ജ്യോതിർമയിയുടെ ഡാൻസ് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ജ്യോതിർമയിയുടെ പുതിയ ലുക്കും, സ്വാഗും ഡാൻസ് സ്റ്റെപ്പുകളും ഞെട്ടിച്ചെന്നാണ് പ്രേക്ഷക പ്രതികരണം. ചിത്രമിറങ്ങുമ്പോൾ കൈയ്യടി മുഴുവൻ നേടുക ജ്യോതിർമയി ആകുമെന്നാണ് സിനിമ പ്രേമികളുടെ കണ്ടെത്തൽ. ഗാനത്തിലെ കുഞ്ചാക്കോ ബോബന്റെ ഡാൻസിനും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. വളരെ കാലത്തിന് ശേഷമാണ് കുഞ്ചാക്കോ ബോബന്റെ ഡാൻസ് കാണാൻ സാധിച്ചതെന്നും മലയാളത്തിലെ ഏറ്റവും മികച്ച ഡാൻസർമാരിൽ ഒരാളാണ് ഇന്നും അദ്ദേഹമെന്നുമാണ് കമന്‍റുകള്‍.

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്നർ. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വിനായക് ശശികുമാര്‍-സുഷിന്‍ ശ്യാം കോംബോ തുടര്‍ച്ചയായി ഹിറ്റടിക്കുകയാണെന്നും സംഗീതപ്രേമികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ലിറിക്കല്‍ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇരു വീഡിയോകളും ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം കണ്ടത്.

ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

'ഭീഷ്‌മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രം ഒക്ടോബർ 17 ന് തിയേറ്ററിലെത്തും.

dot image
To advertise here,contact us
dot image