അമൽനീരദ് സംവിധാനം ചെയ്ത് റിലീസിന് ഒരുങ്ങുന്ന ബോഗെയ്ൻവില്ല സിനിമയുടെ പ്രൊമോ
ഗാനത്തിനെതിരെ പരാതിയുമായി സീറോമലബാർ അൽമായ ഫോറം. 'ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി' എന്ന് തുടങ്ങുന്ന ഗാനത്തിന് എതിരെയാണ് കേന്ദ്രസർക്കാരിന് സംഘടന പരാതി നൽകിയത്.
ഗാനം ക്രിസ്ത്യൻ പശ്ചാത്തലം വികലമാക്കിയാണ് അവതരിപ്പിച്ചതെന്നും കേരളത്തിലെ ക്രൈസ്തവർക്കെതിരെയുള്ള ഇത്തരം ഗൂഢശ്രമങ്ങളും മാറ്റങ്ങളും തിരിച്ചറിഞ്ഞ് ഇടപെടണമെന്നുമാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും നൽകിയ പരാതിയിൽ പറയുന്നത്.
ഗാനത്തിന്റെ ഉള്ളടക്കം ക്രിസ്ത്യാനികൾക്ക് അപമാനമാണ്. ഗാനത്തിന്റെ വരികളും ദൃശ്യങ്ങളും ക്രിസ്ത്യാനികളെ അപമാനിക്കുന്നതാണെന്നുമാണ് സീറോ മലബാർ അൽമായ ഫോറം ആരോപിക്കുന്നത്.
സിനിമ റിലീസ് ചെയ്തിട്ടില്ലെന്നും ഗാനവും വേണ്ടി വന്നാൽ സിനിമയും സെൻസർ ചെയ്യണമെന്നാണ് ഫോറം ആവശ്യപ്പെട്ടിരിക്കുന്നത്. 'മലയാള സിനിമാ മേഖലയിൽ നടക്കുന്ന വൻ ചൂഷണങ്ങൾ കേരളത്തിലെ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവരെ നിന്ദിക്കുന്ന ഗാനങ്ങളിലൂടെ സാത്താനിസത്തിന്റെയും മതനിന്ദയുടെയും ദുഷ്പ്രവണതകളെ ന്യായീകരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട' എന്നും സംഘടന പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബോഗെയ്ൻവില്ല എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം 'സ്തുതി' ഗാനം പുറത്തിറങ്ങിയത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എത്തുന്ന ബോഗെയ്ന്‍വില്ലയുടെ പ്രചാരണഗാനമായി എത്തിയ 'സ്തുതി' ഇതിനോടകം ഇരുപത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്.
ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോഗെയ്ന്‍വില്ല ഒക്ടോബർ 10 ന് റിലീസ് ചെയ്യും. ഒരിടവേളക്ക് ശേഷം ജ്യോതിർമയി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.