ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം നടൻ മിഥുൻ ചക്രവർത്തിക്ക്

'ഡിസ്കോ ഡാൻസർ' എന്ന ചിത്രത്തിലെ ഐ ആം എ ഡിസ്കോ ഡാൻസർ എന്ന ഗാനമാണ് മിഥുൻ ചക്രവർത്തിയെ പ്രേക്ഷകർക്കിടയിൽ കൂടുതൽ പ്രിയങ്കരനാക്കിയത്.

dot image

രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മിഥുൻ ചക്രവർത്തിക്ക് പുരസ്കാരം നൽകുന്നത്. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് വാർത്ത ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ എട്ടിന് നടക്കാനിരിക്കുന്ന 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങില്‍ വച്ച് മിഥുൻ ചക്രവർത്തിക്ക് പുരസ്കാരം സമ്മാനിക്കും.

തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മിഥുൻ ചക്രവർത്തിയുടേത് എന്ന തലക്കെട്ടോടെയാണ് മന്ത്രി അശ്വിനി വൈഷ്ണവ് പുരസ്കാരത്തിന്റെ പ്രഖ്യാപനം എക്സിലൂടെ പങ്കുവെച്ചത്. നേരത്തെ പത്മഭൂഷൺ പുരസ്‌കാരം നൽകി രാജ്യം മിഥുൻ ചക്രവർത്തിയെ ആദരിച്ചിരുന്നു. മുൻ ദാദാസാഹിബ് അവാർഡ് ജേതാവ് ആശാ പരേഖ്, നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ, ചലച്ചിത്ര നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ എന്നിവരടങ്ങിയ മൂന്നംഗ ജൂറിയാണ് ചക്രവർത്തിയെ ഈ ബഹുമതിക്കായി തിരഞ്ഞെടുത്തത്.

1976-ൽ മൃണാൾ സെന്നിൻ്റെ 'മൃഗയ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച മിഥുൻ ചക്രവർത്തി ആ ചിത്രത്തിലൂടെ മികച്ച നടനുള്ള തൻ്റെ ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. 'ഡിസ്കോ ഡാൻസർ' എന്ന ചിത്രത്തിലെ ഐ ആം എ ഡിസ്കോ ഡാൻസർ എന്ന ഗാനമാണ് മിഥുൻ ചക്രവർത്തിയെ പ്രേക്ഷകർക്കിടയിൽ കൂടുതൽ പ്രിയങ്കരനാക്കിയത്. 1989-ൽ നായകനായി 19 സിനിമ റിലീസ് ചെയ്ത് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ നടന്‍ കൂടിയാണ് മിഥുൻ ചക്രവർത്തി.

'മുജെ ഇൻസാഫ് ചാഹിയേ', 'ഹം സേ ഹേ സമാന', 'പസന്ദ് അപ്നി അപ്നി', 'ഘർ ഏക് മന്ദിർ', 'കസം പൈദ കർണേ വാലെ കി', 'കമാൻഡോ', 'അഗ്നീപഥ്' തുടങ്ങിയ സിനിമകളിലൂടെ മിഥുൻ ചക്രവർത്തി ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ട്ടിച്ചു. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം 'കാബൂളിവാല'യിലാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us