മലയാള സിനിമയിൽ റീ റിലീസുകളുടെ കാലം അവസാനിക്കുന്നില്ല. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം അൻവറാണ് അടുത്തതായി റീ റിലീസിനെത്തുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബർ 18 നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.
ഡോൾബി അറ്റ്മോസ് ഫോർ കെയിലാണ് ചിത്രം വീണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തുന്നത്. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ചിത്രം ആദ്യം റിലീസ് ചെയ്തത് 2010 ലാണ്. മോളിവുഡ് ബോക്സ് ഓഫീസിലെ തന്നെ കളക്ഷൻ റെക്കോർഡുകൾ മാറ്റി കുറിച്ച ചിത്രത്തിലെ ഗാനങ്ങളും അമൽ നീരദിന്റെ മേക്കിങ്ങും യുവാക്കൾക്കിടയിലും ക്യാമ്പസുകളിലും അന്ന് തരംഗമായി മാറിയിരുന്നു.സാഹിത്യകാരനായ ഉണ്ണി ആർ, അമൽ നീരദ് എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസെഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനോൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. |
അതേസമയം, അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബോഗയ്ന്‍വില്ല' ഒക്ടോബർ 17 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. സംവിധായകന്റെ രണ്ടു ചിത്രങ്ങൾ തമ്മിൽ ക്ലാഷ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏതെങ്കിലും ഒരു ചിത്രത്തിന്റെ റീലീസ് തിയ്യതി മാറ്റാനും സാധ്യതുണ്ട്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ബോഗയ്ന്‍വില്ല ഒരുക്കിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ ജ്യോതിര്മയ്ക്കുള്ളത് . ഷറഫുദ്ദീന്, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്