അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ ചരിത്രം രചിച്ച് മലയാള ചിത്രം വടക്കൻ. സൂപ്പർ നാച്വറൽ ത്രില്ലർ ചിത്രമായി ഒരുങ്ങിയ വടക്കൻ സംവിധാനം ചെയ്തത് സജീദ് എ ആണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഫ്രൈറ്റ് നൈറ്റ് ഫെസ്റ്റില്‍ കേരളത്തിൽ നിന്നൊരു ചിത്രം വിജയിക്കുന്നത്. കിഷോറും ശ്രുതി മേനോനും ആണ് വടക്കനിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഈ മാസം 28നായിരുന്നു ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവൽ നടന്നത്.
'വടക്കൻ, ഹൃദ്യവും മനോഹരവുമായ ചിത്രം. ബ്രില്ല്യന്‍റായ ഛായാഗ്രഹണം ആണ് സിനിമയുടേത്. ഒപ്പം ശക്തമായ തിരക്കഥയും സംവിധാനവും അവിശ്വസനീയമായ പ്രകടനങ്ങളും!', എന്നാണ് ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ കെൻ ഡാനിയെൽസ് ചിത്രത്തെ കുറിച്ച് പറഞ്ഞത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ പശ്ചാത്തലത്തിലാണ് വടക്കന്‍ ഒരുങ്ങിയിട്ടുള്ളത്. ഇതിന് മുമ്പ്, ഹൊറർ, ത്രില്ലർ, സയൻസ് ഫിക്ഷൻ സിനിമകൾ മാത്രമുള്ള ബ്രസ്സൽസ് ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക് 'വടക്കൻ' ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മലയാളികൾക്കും കേരളത്തിന് പുറത്തുള്ളവർക്കും വിദേശികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും 'വടക്കൻ' എന്നാണ് നിർമ്മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോയിലെ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശർമ്മ എന്നിവരുടെ വാക്കുകള്‍. മലയാളം കൂടാതെ കന്നഡയിലേക്ക് മൊഴിമാറ്റിയും ചിത്രം റിലീസിനായി ഒരുങ്ങുന്നുണ്ട്.
ഉണ്ണി ആറിന്‍റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിബാല്‍ സംഗീതം നൽകുന്നു. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാര ഛായാഗ്രഹണം ഒരുക്കുന്നു.
ലോക പ്രശസ്ത കാൻ ഫിലിം ഫെസ്റ്റിവലിൽ മാർഷെ ദു ഫിലിം 2024-ൽ ഹൊറർ, ഫാന്‍റസി സിനിമകൾക്കായുള്ള പ്രത്യേക വിഭാഗമായ ഫന്‍റാസ്റ്റിക് പവലിയനിൽ വടക്കന്‍റെ എക്സ്ക്ലൂസീവ്, ഇൻവൈറ്റ് ഒൺലി മാർക്കറ്റ് പ്രീമിയർ ഈ വർഷം ആദ്യം നടന്നിരുന്നു. പ്രശസ്ത ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്, ഹോളിവുഡിൽ നിന്നുള്ള വെർച്വൽ പ്രൊഡക്ഷൻ എക്സ്പെർട്ട് ഗബ്രിയേൽ സെബാസ്റ്റ്യൻ റയീസ് തുടങ്ങിയവർ കാനിൽ ചിത്രം കണ്ട് മികച്ച പ്രതികരണം അറിയിച്ചിരുന്നു. ആഗോളതലത്തിൽ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ആലപിച്ച ചിത്രത്തിലെ ഒരു ഗാനവും കയ്യടികള്‍ നേടിയിരുന്നു. ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയാണ് ഈ പ്രണയഗാനത്തിന് വരികള്‍ എഴുതിയത്.
ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്‍റെ വിഎഫ്എക്സ് ഒരുക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഒന്നിലധികം അഭിമാനകരമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ തരംഗം സൃഷ്ടിച്ച 'വടക്കൻ' ഉടൻ കേരളത്തിലെ തിയേറ്ററുകളിൽ എത്തും. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പിആർഒ: ആതിര ദിൽജിത്ത്.