വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദളപതി 69'ൽ ബോളിവുഡ് നടൻ ബോബി ഡിയോൾ ഭാഗമാകുന്നു. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നടനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
100% official now, Super happy & excited to announce that @thedeol joins #Thalapathy69 cast 🔥#Thalapathy69CastReveal#Thalapathy @actorvijay sir #HVinoth @anirudhofficial @Jagadishbliss @LohithNK01 pic.twitter.com/KKCfaQZtON
— KVN Productions (@KvnProductions) October 1, 2024
ബോബി ഡിയോൾ ദളപതി 69 ൽ ഭാഗമാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. സൂര്യ നായകനാകുന്ന കങ്കുവ എന്ന ചിത്രത്തിലും ബോബി ഡിയോളാണ് പ്രധാന വില്ലൻ വേഷത്തിലെത്തുന്നത്. തമിഴകത്തെ പ്രധാനപ്പെട്ട രണ്ട് സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ നടൻ വില്ലനായെത്തുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.
നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന എൻബികെ 109, പവൻ കല്യാണിന്റെ ഹരി ഹര വീര മല്ലു, ജൂനിയർ എൻടിആർ നായകനാകുന്ന ദേവര പാർട്ട് 2 എന്നീ സിനിമകളിലും ബോബി ഡിയോൾ ഭാഗമാകുന്നുണ്ട്. ഈ സിനിമകൾക്ക് പുറമെ നിതേഷ് തിവാരി ഒരുക്കുന്ന രാമായണ എന്ന സിനിമയിലും നടൻ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. കുംഭകർണ്ണനായാണ് നടൻ സിനിമയിലെത്തുക എന്നാണ് സൂചന.
അതേസമയം ദളപതി 69 ലെ മറ്റു പ്രധാന അഭിനേതാക്കളുടെ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും. പൂജ ഹെഗ്ഡെ, പ്രിയാമണി, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങിയവർ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന. ഈ മാസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 2025 ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മുമ്പ് കത്തി, മാസ്റ്റർ, ബീസ്റ്റ്, ലിയോ എന്നീ വിജയ് ചിത്രങ്ങൾക്ക് അനിരുദ്ധ് സംഗീതം നൽകിയിരുന്നു. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.