ജൂനിയർ എന്‍ടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യത ചിത്രമാണ് ദേവര. ബോക്സ് ഓഫീസിൽ പുതിയ നേട്ടങ്ങൾ രേഖപ്പെടുത്തി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇന്ത്യൻ ബോക്സ് ഓഫീസിൽ 200 കോടി കടന്നിരിക്കുകയാണ് ദേവരയുടെ കളക്ഷൻ. ഞായറാഴ്ച മാത്രം ചിത്രത്തിന്റെ കളക്ഷൻ 40 കോടിയാണ്. ഇതോടെ ആഗോള ബോക്സ്ഓഫീസിൽ ചിത്രം 300 കോടിക്കരികിലേക്ക് കുതിക്കുകയാണ്.
ആദ്യ ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 172 കോടി രൂപ ഗ്രോസ് കളക്ഷൻ ചിത്രം നേടിയെന്ന് നേരത്തെ നിർമാതാക്കൾ അറിയിച്ചിരുന്നു. ദേവരയായി ജൂനിയർ എൻടിആർ തകർത്തപ്പോൾ ഭൈര എന്ന വില്ലൻ വേഷത്തിൽ സെയ്ഫ് അലിഖാനും തങ്കമായി ജാൻവി കപൂറും എത്തി. മൂന്ന് താരങ്ങളുടെയും ആരാധകർക്ക് ആഘോഷിക്കാനുള്ള വക ചിത്രത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
തെലുങ്കിലും മലയാളത്തിലും തമിഴിലും മികച്ച ബുക്കിങ്ങുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രർ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം.ചിത്രം വരും ദിവസങ്ങളിൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന് റിലീസിന് മുൻപ് തന്നെ മികച്ച പ്രീ റിലീസ് ബിസിനസ് നടന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ദേവര' രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ദേവരയുടെ ആദ്യ ഭാഗം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.