വിനായകനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘തെക്ക് വടക്ക്'. റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയറായ മാധവൻ എന്ന കഥാപാത്രത്തെയാണ് വിനായകൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാധവന്റെ ബേസിക് ബോഡി ഡിസൈൻ തനിക്ക് വളരെ ഇഷ്ടമായി, അതാണ് ഈ സിനിമയിലേക്ക് വരാനുള്ള കാരണമെന്നും വിനായകൻ പറയുന്നു.
ഇതുവരെ ഒരു സിനിമയുടേയും സ്ക്രിപ്റ്റ് കേട്ടിട്ടില്ല. സിനിമാ ജീവിതം തീരുന്നതു വരെ ഒരു സ്ക്രിപ്റ്റും കേൾക്കുകയുമില്ല എന്ന നിയമം തന്റെ ആക്ടിങ് ബിസിനസിൽ ഉണ്ട്. സ്ക്രിപ്റ്റ് കേൾക്കുന്നത് തന്റെ ഏരിയ അല്ലെന്നും തെക്ക് വടക്ക് സിനിമയുമായി ബന്ധപ്പെട്ട നടത്തിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞു.
'മാധവൻ വെൽ എജ്യുക്കേറ്റഡാണ്, എഞ്ചിനീയറാണ്, ക്ലീനായി നടക്കുന്ന കഥാപാത്രമാണ്. ഇംഗ്ലീഷ് പത്രങ്ങളേ വായിക്കാറുള്ളു. അതുതന്നെ എനിക്ക് രസമായി തോന്നി. ഇതുപോലെ ഒരു ക്യാരക്ടർ ഞാൻ ചെയ്തിട്ടില്ല. കഥാപാത്രത്തിന്റെ ബേസിക് ബോഡി ഡിസൈൻ എനിക്ക് വളരെ ഇഷ്ടമായി. അതാണ് ഞാനീ പടത്തിലേക്കു വരാനുള്ള കാരണം. എപ്പോഴും ഞാൻ സ്ക്രിപ്റ്റ് കേൾക്കുന്നതിന് പകരം ആ കഥാപാത്രത്തിന്റെ പ്രത്യേകതകൾ മനസിലാക്കാറാണ് പതിവ്. മാധവനെ അവതരിപ്പിക്കുമ്പോൾ അയാൾക്ക് ആണി രോഗമുണ്ടോ, ഗ്യാസ് ഉണ്ടോ, ഒരു അൻപത് വയസ്സുള്ള ഒരാൾക്ക് എന്തൊക്കെ അസുഖങ്ങൾ ഉണ്ടെന്നാണ് എന്റെ ചോദ്യം', വിനായകൻ പറഞ്ഞു.
എസ് ഹരീഷ് രചന നിർവഹിക്കുന്ന ചിത്രം ഒക്ടോബർ നാലിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ് ഹരീഷ് രചന നിര്‍വഹിക്കുന്ന ചിത്രമാണിത്. വിനായകനും സുരാജിനുമൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അൻജന ഫിലിപ്പ്, വി എ ശ്രീകുമാർ എന്നിവർ ചേർന്ന് അൻജന- വാർസ് എന്ന ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പ്രേം ശങ്കറാണ് സംവിധാനം. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങി നൂറോളം അഭിനേതാക്കൾ ചിത്രത്തിലുണ്ട്.