വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദളപതി 69'. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. 'തുനിവി'ന് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്. ഒക്ടോബർ നാലിന് പൂജ നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അഞ്ച് മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ആദ്യ ഷെഡ്യൂളിൽ ഒരു ഗാനമാകും ചിത്രീകരിക്കുക.
'ബീസ്റ്റ്' എന്ന ചിത്രത്തിന് ശേഷം പൂജ ഹെഗ്‌ഡെ വീണ്ടും 'ദളപതി 69'ലൂടെ വിജയ്‌യുടെ നായികയായി എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. ബോബി ഡിയോൾ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നതെന്നും വാർത്തകളുണ്ട്. സൂര്യ നായകനായി എത്തുന്ന 'കങ്കുവ'ക്ക് ശേഷം ബോബി ഡിയോൾ അഭിനയിക്കുന്ന തമിഴ് ചിത്രമാകും ഇത്. ആദ്യ ഷെഡ്യൂളിനായുള്ള സെറ്റ് വർക്കുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
ചിത്രത്തിൽ മഞ്ജു വാര്യർ ഒരു പ്രധാന വേഷത്തിലെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. 'തുനിവ്' എന്ന എച്ച് വിനോദ് ചിത്രത്തിൽ മഞ്ജു വാര്യർ അഭിനയിച്ചിരുന്നു. കൂടുതല്‍ മികച്ച രീതിയില്‍ അഭിനയിക്കാനാകുന്ന ചിത്രത്തില്‍ അവസരം തരുമെന്ന് എച്ച്. വിനോദ് തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു ഒരു അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് 'ദളപതി 69'ൽ മഞ്ജുവും ഉണ്ടാകുമെന്ന റിപ്പോർട്ടുകള്‍ പ്രചരിക്കുന്നത്.
#MTexclusive - #Thalapathy69 Update
— Movie Tamil (@MovieTamil4) September 30, 2024
- Pooja of this film will be held on October 4th
- The shooting of Thalapathy 69 will begin on October 5th.
- A song sequence is going to be shot in the first phase of this film.🥳
- First Schedule Two Week Plan🎵
- The set work for this is… pic.twitter.com/3Q8LFLKkSB
'ദളപതി 69'ന്റെ പ്രഖ്യാപനത്തിനൊപ്പം തന്നെ സിനിമയുടെ റിലീസും അനൗൺസ് ചെയ്തിട്ടുണ്ട്. 2025 ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സൗത്ത് ഇന്ത്യൻ സെൻസേഷനായി നില്‍ക്കുന്ന അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മുമ്പ് 'കത്തി', 'മാസ്റ്റർ', 'ബീസ്റ്റ്', 'ലിയോ' എന്നീ വിജയ് ചിത്രങ്ങൾക്ക് അനിരുദ്ധ് സംഗീതം നൽകിയിരുന്നു. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.