തമിഴ് സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് വിജയ് നായകനായ 'ദി ഗോട്ട്'. സെപ്റ്റംബർ അഞ്ചിന് പുറത്തിറങ്ങിയ ചിത്രം 456 കോടിയാണ് തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്. ചിത്രമിപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുകയാണ്. ഒക്ടോബർ 3 മുതൽ ദി ഗോട്ട് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. റിലീസ് ചെയ്തു ഒരു മാസത്തിനുള്ളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
സർക്കാർ, മെർസൽ, ലിയോ, ബീസ്റ്റ് എന്നീ സിനിമകൾക്ക് ശേഷം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന വിജയ് ചിത്രമാണ് ദി ഗോട്ട്. ഇന്ത്യയിൽ നിന്ന് 250 കോടിയാണ് ദി ഗോട്ടിന് നേടാനായത്. ചിത്രം 25 ദിവസം പൂർത്തിയാക്കിയതിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് വെങ്കട്ട് പ്രഭു കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിൽ ഇപ്പോഴും ചിത്രം ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം ദിനാഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവച്ചിട്ടുണ്ട്. ഇതിനടിയിലാണ് ദി ഗോട്ട് സ്ട്രീമിങ് ആരംഭിക്കുന്നത്.
Ever seen a lion become a G.O.A.T?! 👀💥
— Netflix India South (@Netflix_INSouth) October 1, 2024
Thalapathy Vijay’s The G.O.A.T- The Greatest Of All Time is coming to Netflix on 3 October in Tamil, Telugu, Malayalam, Kannada & Hindi 🐐🔥#TheGOATOnNetflix pic.twitter.com/5mwZ2xdoSo
ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് ശേഷം 400 കോടി ക്ലബ്ബിൽ ഇടം നേടുന്ന വിജയ് ചിത്രമാണിത്. എന്നാൽ കേരളത്തിൽ ചിത്രത്തിന് കാര്യമായ കളക്ഷൻ നേടാൻ സാധിച്ചിട്ടില്ല. 13 കോടിയോളമാണ് കേരളത്തിലെ കളക്ഷന്‍. ഇത് ആഗോള കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്.
വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.