സൂപ്പർസ്റ്റാർ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 10 ന് തിയേറ്ററിലെത്തും. ജയ് ഭീം എന്ന ഏറെ നിരൂപക പ്രശംസ നേടിയ ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ ഒരുക്കുന്ന ചിത്രമായതിനാൽ പ്രേക്ഷകർക്കിടയിൽ വേട്ടയ്യന് പ്രതീക്ഷകളേറെയാണ്. ചിത്രത്തിന്റെ റൺ ടൈമിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
രണ്ട് മണിക്കൂർ നാല്പത്തിമൂന്ന് മിനിറ്റാണ് വേട്ടയ്യന്റെ ദൈർഘ്യം. അതിൽ ആദ്യ പകുതി ഒരു മണിക്കൂർ ഇരുപത് മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂർ ഇരുപത്തിയൊന്ന് മിനിറ്റുമാണ്.
വലിയ താരനിരയുള്ളതിനാല്‍ ഇത് ചിത്രത്തിന് വളരെ ചേർന്ന റൺ ടൈം ആണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ പ്രതികരിക്കുന്നത്. വേട്ടയ്യന്‍റെ ട്രെയ്‌ലർ നാളെ പുറത്തിറങ്ങും.
മുൻപ് പുറത്തുവന്ന ചിത്രത്തിന്റെ പ്രിവ്യൂവിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സീരിയസ് വിഷയം സംസാരിക്കുന്ന എൻ്റർടെയ്നിംങ് ആയ ചിത്രമാണ് വേട്ടയ്യൻ എന്നായിരുന്നു ചിത്രത്തെക്കുറിച്ച് ഗാനരചയിതാവ് സൂപ്പർ സുബു പറഞ്ഞത്. പൊലീസ് എന്‍കൗണ്ടറിനെക്കുറിച്ചാണ് ചിത്രത്തിന്റെ കഥയെന്നാണ് നേരത്തെ ഇറങ്ങിയ പ്രിവ്യൂ നല്‍കുന്ന സൂചന. വ്യാജ ഏറ്റുമുട്ടല്‍കൊലകളും വിഷയമാകുന്നുണ്ട്. എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായി രജിനി വരുമ്പോള്‍ ഇരുവരും തമ്മിലുള്ള പോരാട്ടമാകും സിനിമ. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്‍റെ കഥയെന്ന് അഭിനേതാക്കളിലൊരാളായ സാബുമോന്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് വേട്ടയ്യനിലെ മറ്റു അഭിനേതാക്കൾ. 'വേട്ടയ്യൻ' സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. രജനികാന്തിൻ്റെ മുൻ ചിത്രങ്ങളായ ജയിലറും ലാൽ സലാമും കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു.