കരിയറിൽ പുതിയ കഥാപാത്രങ്ങളുമായി ഒരോ സിനിമയിലും ഞെട്ടിക്കുകയാണ് ജഗദീഷ്. കോമഡി കഥാപാത്രങ്ങളിൽ നിന്ന് മാറി സ്വഭാവനടനായി ജഗദീഷ് ഇപ്പോൾ തിളങ്ങുകയാണ്. കരിയറിന്റെ രണ്ടാം ഘട്ടത്തിൽ നടന്‍റെ ഓരോ കഥാപാത്രങ്ങളും സിനിമാസ്വാദകര്‍ക്കിടയില്‍ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
കരിയറിലെ ഏറ്റവും ക്രൂരമായ വേഷമാണ് താന്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് ജഗദീഷ് നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തനിക്ക് തന്നെ പേടിയാവുന്നുണ്ടെന്നും ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ക്രൂരതകളാണ് ഈ സിനിമയിൽ ചെയ്യുന്നതെന്നും ജഗദീഷ് വാഴ സിനിമയുടെ റിലീസ് സമയത്ത് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജഗദീഷിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇത് റിലീസിന് ഒരുങ്ങുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയെ കുറിച്ചാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
'എനിക്ക് തന്നെ പേടിയാവുന്നുണ്ട്, എന്നെ കൊണ്ട് എന്തൊക്കെയാണ് ചെയ്യിക്കുന്നതെന്ന്. പുകവലിയും മദ്യപാനവും പോട്ടെ. ആ സിനിമയുടെ പേര് തൽക്കാലം പറയുന്നില്ല. സമൂഹത്തിൽ ഒരിക്കലും മാതൃകയാക്കാൻ പറ്റാത്ത തരത്തിലുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. പ്രേക്ഷകർക്ക് എന്നെ കൊല്ലാൻ തോന്നുന്ന തരത്തിലുള്ള കാര്യങ്ങളാണ് ആ സിനിമയിൽ ചെയ്യിപ്പിക്കുന്നത്' എന്നായിരുന്നു ജഗദീഷ് പറഞ്ഞത്.
Jagadeesh about #Marco - The violence you've seen so far is nothing compared to what's coming. Don't feel like killing me after seeing everything you made me do 😲😲 pic.twitter.com/uzF22y9WgH
— Friday Matinee (@VRFridayMatinee) October 2, 2024
മലയാളസിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള വയലൻസ് ആണ് മാർക്കോ സിനിമയിൽ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകൾ ഈ സൂചന നൽകുന്നതായിരുന്നു. വെട്ടിയെടുത്ത ഒരു തലയും കയ്യിൽ പിടിച്ചു മുന്നോട്ടു നീങ്ങുന്ന ഉണ്ണി മുകുന്ദന്റെ പോസ്റ്ററായിരുന്നു അവസാനമിറങ്ങിയത്.
മലയാളത്തിലെ ഏറ്റവും വയലന്‍റായ പടമായിരിക്കും മാർകോയെന്നും കൊറിയന്‍ പടങ്ങളെ പോലും വെല്ലുന്ന സീനുകളുണ്ടെന്നും എഡിറ്റര്‍ ഷമീർ മുഹമ്മദ് റിപ്പോര്‍ട്ടര്‍ ലെെവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
നിവിൻ പോളി നായകനായ മിഖായേൽ എന്ന ചിത്രത്തിന്റെ സ്പിന്‍ഓഫാണ് മാർക്കോ. ചിത്രത്തിലെ വില്ലൻ കഥാപാത്രമായിരുന്ന ഉണ്ണി മുകുന്ദന്റെ മാർക്കോയെ നായകനായി അവതരിപ്പിക്കുന്ന ചിത്രമാണിത്. ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദനും നിർമിക്കുന്ന പുതിയ ചിത്രം ഹനീഫ് അദേനി തന്നെയാണ് സംവിധാനം ചെയ്യുന്നത്.
ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിട്ടുണ്ട്. 'കെ.ജി.എഫ്', 'സലാർ' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിൽ നിരവധി ബോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ട്.