ഉണ്ണി മുകുന്ദൻ നായകനാകുന്ന 'മാർക്കോ' അടിമുടി ആക്ഷൻ രംഗങ്ങൾ നിറഞ്ഞ സിനിമയായിരിക്കുമെന്ന് എഡിറ്റർ ഷമീർ മുഹമ്മദ്. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായിരിക്കും ഇത്. താൻ കണ്ടിട്ടുള്ള കൊറിയൻ സിനിമകളേക്കാൾ മാർക്കോയിൽ വയലൻസ് കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷമീർ മുഹമ്മദ്.
'മാർക്കോ ഫുൾ ആക്ഷൻ പടമാണ്. സത്യം പറഞ്ഞാൽ മോസ്റ്റ് വയലന്റ് മൂവിയാണിത്. അത് കണ്ട ശേഷം ഞാൻ സംവിധായകൻ ഹനീഫ് അദേനിയോട് പറഞ്ഞത് ഇതുവരെ കണ്ട കൊറിയൻ പടങ്ങളിൽ ഇത്രയും വയലൻസില്ല എന്നാണ്, അത്രത്തോളമുണ്ട് ,വയലൻസ്..' ഷമീർ മുഹമ്മദ് പറഞ്ഞത് ഇങ്ങനെ. സിനിമയുടെ എഡിറ്റിംഗ് വർക്കുകൾ ആരംഭിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
നിവിൻ പോളി നായകനായ മിഖായേൽ എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫാണ് മാർക്കോ. ചിത്രത്തിലെ വില്ലൻ കഥാപാത്രമായിരുന്ന ഉണ്ണി മുകുന്ദന്റെ മാർക്കോയെ നായകനായി അവതരിപ്പിക്കുന്ന ചിത്രമാണിത്. ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദനും നിർമിക്കുന്ന പുതിയ ചിത്രം ഹനീഫ് അദേനി തന്നെയാണ് സംവിധാനം ചെയ്യുന്നത്.
ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിട്ടുണ്ട്. 'കെജിഎഫ്', 'സലാർ' എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിൽ നിരവധി ബോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ട്.