മലയാളി നടി മമിത ബൈജു ദളപതി 69 ൽ ഭാഗമാകും. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മമിതയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 'മിനി മഹാറാണി മമിത ബൈജു ദളപതി 69 ന്റെ ഭാഗമാകുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു,' എന്നാണ് അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്.
We are happy to ‘OFFICIALLY’ announce that Mini Maharani #MamithaBaiju joins #Thalapathy69 cast 😁 #Thalapathy69CastReveal#Thalapathy @actorvijay sir #HVinoth @thedeol @hegdepooja @anirudhofficial @Jagadishbliss @LohithNK01 pic.twitter.com/PNwYBqCAiS
— KVN Productions (@KvnProductions) October 2, 2024
നേരത്തെ തന്നെ മമിത ദളപതി 69 ന്റെ ഭാഗമാകുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിൽ മമിതയുടേത് സുപ്രധാന കഥാപാത്രമായിരിക്കുമെന്നുമാണ് സൂചന. 'തുനിവി'ന് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചെയ്യുന്ന ദളപതി 69 ൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെയാകും ബോബി ഡിയോൾ അവതരിപ്പിക്കുക എന്നാണ് സൂചന.
അതേസമയം ദളപതി 69 ലെ മറ്റു പ്രധാന അഭിനേതാക്കളുടെ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും. പ്രിയാമണി, പ്രകാശ് രാജ് തുടങ്ങിയവർ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന. ഈ മാസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 2025 ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മുമ്പ് കത്തി, മാസ്റ്റർ, ബീസ്റ്റ്, ലിയോ എന്നീ വിജയ് ചിത്രങ്ങൾക്ക് അനിരുദ്ധ് സംഗീതം നൽകിയിരുന്നു. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.