അജയൻ്റെ രണ്ടാം മോഷണം, കിഷ്കിന്ധാ കാണ്ഡം എന്നീ സിനിമകളിലൂടെ ടൊവിനോ തോമസും ആസിഫ് അലിയും തമ്മിലുള്ള ഒരു വമ്പൻ ബോക്സ്ഓഫീസ് ക്ലാഷിനായിരുന്നു ഈ ഓണം സീസൺ സാക്ഷ്യം വഹിച്ചത്. ഇരു സിനിമകളും സെപ്റ്റംബർ 12-ന് ഒന്നിച്ച് പുറത്തിറങ്ങുകയും വലിയ വിജയങ്ങളാവുകയും ചെയ്തു. ഇപ്പോഴിതാ ആസിഫ് അലി-ടൊവിനോ തോമസ് ചിത്രങ്ങൾ മറ്റൊരു ബോക്സ്ഓഫീസ് ഏറ്റുമുട്ടലിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
ടൊവിനോ തോമസിൻ്റെ വരാനിരിക്കുന്ന ക്രൈം ത്രില്ലർ 'ഐഡന്റിറ്റി'യും ആസിഫ് അലിയുടെ ത്രില്ലർ സിനിമയായ 'രേഖാചിത്ര'വും 2024 ഡിസംബറിലായിരിക്കും റിലീസ് ചെയ്യുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഇരുസിനിമകളും ക്രിസ്മസ് സീസൺ പ്രമാണിച്ച് ഡിസംബർ മൂന്നാം വാരത്തോടെ റിലീസ് ചെയ്യുമെന്നാണ് സൂചന. ഇക്കാര്യത്തിൽ ഇരുസിനിമകളുടെയും അണിയറപ്രവർത്തകരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഫൊറൻസിക് എന്ന ചിത്രത്തിന് ശേഷം അഖിൽ പോൾ- അനസ് ഖാൻ, ടൊവിനോ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ഐഡന്റിറ്റി. തെന്നിന്ത്യൻ നടി തൃഷയാണ് സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടൻ വിനയ് റായി മറ്റൊരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആക്ഷന് രംഗങ്ങള്ക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് 'ഐഡന്റിറ്റി'. മുപ്പതു ദിവസങ്ങൾക്കു മുകളിൽ ആക്ഷൻ രംഗങ്ങൾ മാത്രം ഷൂട്ട് ചെയ്ത ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തും.
പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് രേഖാചിത്രം. 'ആൻ ആൾട്ടർനേറ്റ് ഹിസ്റ്ററി' എന്ന ടാഗ്ലൈനിൽ ഒരുങ്ങുന്ന സിനിമ കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് നിർമ്മിക്കുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. അനശ്വര രാജനാണ് ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട വേഷത്തിലെത്തുന്നത്. രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്.