'ഹൃദയപൂർവ്വ'ത്തിൽ മോഹൻലാലിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി; ഒപ്പം 'ചിന്താവിഷ്ടയായ ശ്യാമള'യും

മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്

dot image

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ഹൃദയപൂർവ്വം എന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മി നായികയാകും. സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ഹൃദയപൂർവ്വം' എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികളിലാണിപ്പോൾ. ഡിസംബറിൽ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടുണ്ട് എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.

ഹൃദയപൂർവ്വത്തിൽ നടി സംഗീതയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീനിവാസൻ ചിത്രം ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സംഗീത മോഹൻലാലിനൊപ്പം നാടോടി എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

ഹൃദയപൂർവ്വത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ തുടങ്ങുമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വം. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'ഹൃദയപൂർവ്വം.

dot image
To advertise here,contact us
dot image