രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ റിലീസിന് ഒരുങ്ങുകയാണ്. സ്ഥിരം രജനികാന്ത് ചിത്രങ്ങളിൽ നിന്ന് മാറി സഞ്ചരിക്കുന്ന ചിത്രമായിരിക്കും വേട്ടയ്യൻ എന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ തരുന്ന സൂചനകൾ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞത്. യുഎ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിന് 2 മണിക്കൂറും 43 മിനിറ്റും 25 സെക്കന്റുമാണ് ദൈർഘ്യം ഉള്ളത്. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിൽ സെൻസർ ബോർഡ് നൽകിയ നിർദ്ദേശങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
രജനികാന്തിന്റെ മാസ് മസാല ചിത്രത്തിൽ നിന്ന് വ്യത്യസ്തമായി ജയ് ഭീം സിനിമ പോലെ രാഷ്ട്രീയം കൂടി സംസാരിക്കുന്ന ചിത്രമായേക്കും വേട്ടയ്യൻ എന്നാണ് സർട്ടിഫിക്കറ്റ് മുൻ നിർത്തി സോഷ്യൽ മീഡിയ പറയുന്നത്. പോലീസ് സൂപ്രണ്ടായ, എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആയ നായകൻ ഇരകൾക്ക് നീതി ലഭിക്കുന്നതിനായി തന്റെ വേട്ട ആരംഭിക്കുന്നു എന്നാണ് ചിത്രത്തിന്റെ സിനോപ്‌സിസ്. എന്നാൽ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിൽ ചിത്രത്തിന് നിർദ്ദേശിച്ച മാറ്റങ്ങൾ മുൻ നിർത്തിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
'യെല്ലാ മന്നർ ആട്ച്ചി' എന്ന് തുടങ്ങുന്ന ഡയലോഗിൽ മാറ്റം വരുത്തണം. യൂണിയൻ എന്നർത്ഥം വരുന്ന 'ഒൻഡ്രിയ', 'ബാസ്റ്റർഡ്', ദരിദ്രരായ കൂലി തൊഴിലാളികൾ എന്നർത്ഥം വരുന്ന 'യേഴെയി കൂലിത്തൊഴിലാളി' എന്നീ വാക്കുകൾ നിശബ്ദമാക്കുകയോ മാറ്റുകയോ വേണം. മുസ്‌ലിം, സർദാർജി വാക്കുകൾ നിശബ്ദമാക്കുകയും നീറ്റ്, ഡോക്ടർ തുടങ്ങിയ വാക്കുകൾക്കും മാറ്റം വരുത്തുകയും വേണം. ഇങ്ങനെ പോവുന്നു സെൻസർ ബോർഡ് നൽകിയ നിർദ്ദേശങ്ങൾ.
Muted words in #Vettaiyan - Mannaraatchi, Ondriya, NEET to name a few. Another politically charged film from TJ Gnanavel?#VettaiyanTrailer from Oct 2 on Sun TV's YouTube channel.#VettaiyanFromOct10 #Superstar #Rajinikanth pic.twitter.com/XfLf75Urdj
— MovieCrow (@MovieCrow) September 30, 2024
ഇതോടെയാണ് വേട്ടയ്യൻ ടിജെ ജ്ഞാനവേലിന്റെ ആദ്യ ചിത്രമായ ജയ് ഭീം പോലെ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായിരിക്കുമോയെന്ന് ചർച്ചകൾ ഉയർന്നത്. ഒക്ടോബർ 10 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടി ജെ ജ്ഞാനവേൽ രചനയും സംവിധാനവും നിർവഹിക്കുന്ന വേട്ടയ്യനിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റിതിക സിംഗ്, റാണ ദഗ്ഗുബതി, ദുഷാര വിജയൻ, കിഷോർ, അഭിരാമി, രോഹിണി തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നൽകുന്നത്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വിതരണ കമ്പനിയായ റെഡ് ജയന്റ് മൂവീസ് ആണ് തമിഴ്‌നാട്ടിൽ ചിത്രം വിതരണം ചെയ്യുന്നത്.