പ്രഖ്യാപനം മുതൽ ഏറെ ചർച്ചയാകുന്ന ചിത്രമാണ് ചിയാൻ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന വീര ധീര സൂരൻ. ചിത്തയ്ക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യുമെന്നാണ് സിനി ഉലകം എന്ന തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും സമാന്തരമായി നടക്കുന്നതായും റിലീസ് തീയതിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നുമാണ് സൂചന.
ഒരു നാടൻ ആക്ഷൻ ത്രില്ലറാകും വീര ധീര സൂരൻ എന്നാണ് സൂചന. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. എസ് ജെ സൂര്യയും, സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാണ്. സുരാജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്. വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടത്.
തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു.
ദുഷാര വിജയന് സിനിമയിൽ നിര്ണായക കഥാപാത്രമായാണ് എത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.