സമാന്തയെ കുറിച്ച് മന്ത്രിയുടെ വിവാദപരാമർശം; രൂക്ഷ വിമർശനവുമായി ജൂനിയർ എൻടിആറും അല്ലു അർജുനും നാനിയും

തെലുങ്ക് താരങ്ങളായ അല്ലു അർജുൻ, ജൂനിയർ എൻടിആർ, ചിരഞ്ജീവി, നാനി, പ്രകാശ് രാജ് തുടങ്ങിയവർ മന്ത്രിക്കെതിരെയും സമാന്തയ്ക്കും നാഗചൈതന്യയ്ക്കും പിന്തുണയുമായും രംഗത്ത് എത്തി

dot image

തെലുങ്ക് താരങ്ങളായ സമാന്ത റുത്ത് പ്രഭുവിന്റെയും നാഗചൈതന്യയുടെയും വിവാഹമോചനത്തെ കുറിച്ചുള്ള തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി തെലുങ്ക് താരങ്ങൾ. മന്ത്രിയുടെത് നാണം കെട്ട പ്രസ്താനയാണെന്നും പിൻവലിക്കണമെന്നും വിവിധ താരങ്ങൾ ആവശ്യപ്പെട്ടു.

തെലുങ്ക് താരങ്ങളായ അല്ലു അർജുൻ, ജൂനിയർ എൻടിആർ, ചിരഞ്ജീവി, നാനി, പ്രകാശ് രാജ് തുടങ്ങിയവർ മന്ത്രിക്കെതിരെയും സമാന്തയ്ക്കും നാഗചൈതന്യയ്ക്കും പിന്തുണയുമായും രംഗത്ത് എത്തി. വ്യക്തിജീവിതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ജൂനിയർ എൻടിആർ പറഞ്ഞു.

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവർ അന്തസ്സും സ്വകാര്യതയോടുള്ള ബഹുമാനവും കാത്തുസൂക്ഷിക്കണമെന്നും. അടിസ്ഥാനരഹിതമായ പ്രസ്താവനകൾ അശ്രദ്ധമായി പറയുന്നത് നിരാശയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ വ്യവസായത്തെക്കുറിച്ച് മറ്റുള്ളവർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഞങ്ങൾ മിണ്ടാതെ ഇരിക്കില്ലെന്നും എൻടിആർ പറഞ്ഞു.

സെലിബ്രിറ്റികൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടാനുള്ള സോഫ്റ്റ് ടാർഗെറ്റായി മാറിയെന്ന് മെഗാസ്റ്റാർ ചിരഞ്ജീവി പറഞ്ഞു. 'ബന്ധമില്ലാത്ത ആളുകളെയും അതിലേറെ സ്ത്രീകളെയും അവരുടെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ച് ആരും ഈ നിലയിലേക്ക് താഴരുതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ മികച്ചതാക്കി മാറ്റാൻ നേതാക്കളെ തിരഞ്ഞെടുക്കുന്നു. രാഷ്ട്രീയക്കാരും മാന്യമായ സ്ഥാനങ്ങളിലുള്ളവരും തരം താഴ്ന്ന പ്രസ്താവനകൾ നടത്തി അതിനെ മലിനമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രീയക്കാരന് എന്ത് വിഡ്ഢിത്തവും സംസാരിച്ച് രക്ഷപ്പെടാൻ കഴിയുന്നത് വെറുപ്പുളവാക്കുന്നുവെന്നായിരുന്നു നാനിയുടെ നിലപാട്. 'നിങ്ങളുടെ വാക്കുകൾ വളരെ നിരുത്തരവാദപരമാകുമ്പോൾ, ജനങ്ങളോട് നിങ്ങൾക്ക് എന്തെങ്കിലും ഉത്തരവാദിത്തമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് ഞങ്ങളുടെ വിഡ്ഢിത്തമാണെന്നും താരം പറഞ്ഞു.

അല്ലു അർജുനും മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്ത് എത്തി. മന്ത്രിയുടെ പെരുമാറ്റം അനാദരവാണെന്നും തെലുങ്ക് സംസ്കാരത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നിരുത്തരവാദപരമായ ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാൻ പാടില്ലെന്നും കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും വ്യക്തിഗത സ്വകാര്യതയെ ബഹുമാനിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. എന്ത് നാണംകെട്ട രാഷ്ട്രീയമാണിതെന്നായിരുന്നു നടൻ പ്രകാശ് രാജിന്റെ പ്രസ്താവന.

മുൻ മന്ത്രിയും ബിആർഎസ് പാർട്ടി നേതാവുമായിരുന്ന കെ ടി രാമറാവുവിനെതിരെയുള്ള ആരോപണങ്ങൾക്കിടയിലായിരുന്നു മന്ത്രി കൊണ്ട സുരേഖയുടെ വിവാദപരാമർശങ്ങൾ. സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം കെടിആർ ആണെന്നും നടിമാർ മയക്കുമരുന്നിന് അടിമകളാവുന്നതിന് കാരണവും കെടിആർ ആണെന്നുമായിരുന്നു സുരേഖയുടെ പരാമർശങ്ങൾ. കെടിആർ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും നടിമാരുടെ ഫോണുകൾ ചോർത്തി ബ്ലാക് മെയിൽ ചെയ്തെന്നും സുരേഖ പറഞ്ഞിരുന്നു.

നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവെൻഷൻ പൊളിച്ചുമാറ്റാതിരിക്കാൻ പകരമായി സമാന്തയെ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് കെടിആർ ആവശ്യപ്പെട്ടെന്നും ഇത് സമാന്ത വിസമ്മതിച്ചതോടെയാണ് വിവാഹമോചിതരാവാൻ കാരണമായതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

മന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ സമന്തയും നാഗചൈതന്യയും രംഗത്ത് എത്തുകയും വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നും പരസ്പര സമ്മതത്തോടെയായിരുന്നെന്നും താരങ്ങൾ പറഞ്ഞിരുന്നു. ഊഹാപോഹങ്ങളിൽ മുഴുകി രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് പേരുകൾ വലിച്ചിഴക്കരുതെന്നും ഇരുവരും പറഞ്ഞിരുന്നു.

ഇതിനിടെ പരാമർശം വിവാദമായതോടെ മന്ത്രി പ്രസ്താവന പിൻവലിച്ചിരുന്നു. സമാന്തയ്‌ക്കോ ആരാധകർക്കോ വേദനിച്ചിട്ടുണ്ടെങ്കിൽ പരാമർശം പിൻവലിക്കുന്നതായിട്ടും മന്ത്രി പറഞ്ഞിരുന്നു. അതേസമയം മന്ത്രി കൊണ്ട സുരേഖയ്ക്കെതിരെ കെ ടി രാമറാവു നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image