റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ തെക്ക് വടക്ക് എന്ന ചിത്രത്തിന്റെ രണ്ടു സീനുകൾ ടീസറുകളായി പുറത്തു വിട്ട് അണിയറപ്രവർത്തകർ. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും വരുന്ന രംഗങ്ങളാണ് ടീസറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ സ്വഭാവവും നർമവും പ്രേക്ഷകർക്ക് വ്യക്തമാകാനാണ് സീനുകൾ തന്നെ പുറത്തുവിട്ടതെന്ന് നിർമ്മാതാവ് അൻജന ഫിലിപ്പ് പറഞ്ഞു.
മകളുടെ കല്യാണം കഴിഞ്ഞ് മകന് കാനഡയിൽ പോകണം എന്ന് സുരാജ് വെഞ്ഞാറമ്മൂടിൻ്റെ കഥാപാത്രമായ ശങ്കുണ്ണിയോട് ഭാര്യ പറയുമ്പോൾ സുരാജ് പ്രതികരിക്കുന്ന സീനാണ് പുറത്തു വന്നതിൽ ആദ്യത്തേത്. മകനെ കൊണ്ട് നുണപറഞ്ഞ് ചാക്ക് ചുമപ്പിക്കുന്ന ശങ്കുണ്ണിയെ സീനിൽ കാണാം. വക്കീൽ ഓഫീസിലെത്തിയ വിനായകൻ അവതരിപ്പിക്കുന്ന മാധവൻ വനിതാ അഭിഭാഷകരോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതാണ് രണ്ടാമത്തെ സീൻ. അഡ്വ. അലക്സാണ്ടറെ തിരഞ്ഞെത്തുന്ന മാധവന്റെ വാക്കുകളിൽ കേസ് സംബന്ധമായ കാര്യത്തിനാണ് വന്നതെന്ന് വ്യക്തം.
അരിമിൽ ഉടമയായ ശങ്കുണ്ണിയായി സുരാജും റിട്ട. കെഎസ്ഇബി എഞ്ചിനീയർ മാധവനായി വിനായകനും നിറഞ്ഞാടുന്ന സിനിമയാണ് ‘തെക്ക് വടക്ക്’. ഇരുവർക്കും ഇടയിലെ പോരാണ് സിനിമയുടെ കേന്ദ്രബിന്ദു. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ തെക്ക് വടക്ക് നാളെ റിലീസ് ചെയ്യും. കേരളത്തിൽ മാത്രം ഇരുന്നൂറിലേറെ തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായും അണിയറ പ്രവർത്തകർ അറിയിച്ചു.
ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്.ഹരീഷ് രചന നിർവഹിക്കുന്ന ചിത്രം പ്രേംശങ്കറാണ് സംവിധാനം ചെയ്യുന്നത്. ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയ സാം സി.എസ്. ആണ് സംഗീത സംവിധായകൻ.