2024-ലെ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി(ഐഎഫ്എഫ്എ) പുരസ്‌കാര വേദിയിൽ ഇക്കുറി തിളങ്ങി നിന്നത് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും വിക്കി കൗശലുമായിരുന്നു. പുരസ്‌കാര വേദിയിൽ നിന്നുള്ള താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്. അല്ലു അർജുൻ നായകനായെത്തിയ പുഷ്പയിലെ ഗാനത്തിന് ഇരുവരും ചുവടു വെച്ചത് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇപ്പോഴിതാ സുകുമാർ ചിത്രം പുഷ്പയിലേയ്ക്കുള്ള ക്ഷണം നിഷേധിച്ചതിനെക്കുറിച്ച് പറയുകയാണ് ഷാരൂഖ് ഖാൻ.
ഐഎഫ്എഫ്എയിൽ ഷാരൂഖാൻ ചെയ്ത ഫ്ലോപ്പ് സിനിമകളെക്കുറിച്ച് പരാമർശിച്ച വിക്കി കൗശലിനോട് ബ്ലോക്ക്ബസ്റ്ററുകളായി മാറിയ ചില സിനിമകളും താൻ നിരസിച്ചതായി ഷാരൂഖ് പറഞ്ഞു. എന്തു കൊണ്ട് പുഷ്പ നിരസിച്ചു എന്ന വിക്കിയുടെ ചോദ്യത്തിനോട്, തനിക് അല്ലു അർജുൻ സാറിൻ്റെ സ്വാഗ് വരില്ലെന്ന് ഷാരൂഖ് മറുപടി നൽകിയിരുന്നു. പുഷ്പ ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നെന്നും അവസരം നിരസിച്ചതിൽ ദുഃഖമുണ്ടെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു. ഈ സംഭാഷണത്തിന് ശേഷമാണ് ഷാരൂഖ് ഖാനും വിക്കി കൗശലും ചേർന്ന് ചിത്രത്തിലെ ‘ഊ ആണ്ടവാ’ എന്ന ഗാനത്തിന് ചുവടുവച്ചത്.
Unexpected😂😎 SRK's Pushpa#ShahRukhKhan #VickyKaushal #IIFA2024 pic.twitter.com/bxI2yyKrj9
— NJ (@Nilzrav) September 28, 2024
അതേസമയം 2023-ൽ പുറത്തിറങ്ങിയ അറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരമാണ് ഷാരൂഖ് സ്വന്തമാക്കിയത്. മികച്ച നടിയ്‌ക്കുള്ള പുരസ്കാരം റാണി മുഖർജിയാണ് സ്വന്തമാക്കിയത്. പുരസ്‍കാര വേദിയിൽ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയത് സന്ദീപ് റെഡ്ഡി വംഗയുടെ ചിത്രമായ അനിമൽ ആണ്. മികച്ച ചിത്രം, സംഗീതം, ഗായകൻ, വില്ലൻ, സഹനടൻ തുടങ്ങിയ പുരസ്കരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റാണി മുഖർജിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. മികച്ച ചിത്രത്തിനുള്ള അവാർഡ് ഏറ്റുവാങ്ങിയത് അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ്. 12ത് ഫെയിൽ എന്ന ചിത്രത്തിലൂടെ വിധു വിനോദ് ചോപ്ര മികച്ച സംവിധായകനായി.