നടൻ മോഹൻരാജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ സിബി മലയിൽ. തനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള വ്യക്തിയായിരുന്നു മോഹൻ രാജ് എന്നും ആ വിയോഗം ഏറെ സങ്കടമുണർത്തുന്നതാണെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പ്രതികരിച്ചു. 'ഏറെ സങ്കടമുള്ള വാർത്തയാണ് ഇത്. വ്യക്തിപരമായി ഏറെ സ്നേഹവും അടുപ്പവുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. സ്‌ക്രീനിൽ എപ്പോഴും വില്ലൻ വേഷങ്ങളിലായിരുന്നെങ്കിലും ജീവിതത്തിൽ സാധു മനുഷ്യനായിരുന്നു അദ്ദേഹം. ഈ വിയോഗം ഏറെ സങ്കടമുണർത്തുന്നതാണ്.' സിബി മലയിൽ പറഞ്ഞത് ഇങ്ങനെ.
സിബി മലയിൽ സംവിധാനം ചെയ്‌ത കിരീടം എന്ന സിനിമയിലൂടെയാണ് മോഹൻരാജ് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. ചിത്രത്തിൽ കീരിക്കാടൻ ജോസ് എന്ന പ്രധാന വില്ലൻ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പിന്നീട് മോഹൻരാജ് അറിയപ്പെട്ടത് പോലും കീരിക്കാടൻ ജോസ് എന്നായിരുന്നു. കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിലും കീരിക്കാടൻ ജോസായി മോഹൻരാജ് എത്തിയിരുന്നു.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു മോഹൻരാജ് അന്തരിച്ചത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായിരുന്ന മോഹന്‍രാജ് ആകസ്മികമായാണ് സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.
നടന്റെ വിയോഗത്തിൽ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സിനിമാപ്രവർത്തകർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കഥാപാത്രത്തിൻ്റെ പേരിൽ അറിയപ്പെടുക എന്ന അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരനാണ് മോഹൻരാജ് എന്നാണ് മോഹൻലാൽ അഭിപ്രായപ്പെട്ടത്. കിരീടം എന്ന സിനിമയിൽ തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഗാംഭീര്യം താൻ ഇന്നും ഓർക്കുന്നതായും മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.