മോഹൻലാൽ - പൃഥ്വിരാജ് - മുരളിഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമായ എമ്പുരാന്റെ ചിത്രീകരണം നൂറ് ദിവസം പിന്നിട്ടു. ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ് ആണ് ചിത്രീകരണം നൂറ് ദിവസം പിന്നിട്ട കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നിലവിൽ എമ്പുരാന്റെ 7ാം ഷെഡ്യൂൾ ഗുജറാത്തിൽ നടക്കുകയാണ്.
'എമ്പുരാൻ ഷൂട്ട് ദിവസങ്ങൾ, നൂറ് ദിവസങ്ങൾ പിന്നിട്ട് മുന്നോട്ട് പോകുന്നു…' എന്നാണ് സുജിത്ത് വാസുദേവ് എക്‌സിൽ കുറിച്ചത്. മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ രംഗങ്ങളാണ് ഗുജറാത്തിൽ ചിത്രീകരിക്കുന്നത്. ഗുജറാത്തിലെ ചിത്രീകരണത്തിന് ശേഷം വീണ്ടും തിരുവനന്തപുരത്തേക്ക് ചിത്രീകരണത്തിന് എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
അമേരിക്കയിലെയും ഇന്ത്യയിലെയും ചിത്രീകരണത്തിന് ശേഷം ദുബായ് അടക്കമുള്ള വിദേശ ലൊക്കേഷനുകളിലും ചിത്രീകരണം ഉണ്ടാകും. ചിത്രം 2025 മാർച്ചിൽ റിലീസ് ചെയ്യാനാണ് സാധ്യത. നേരത്തെ എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫർ 2019 മാർച്ച് 28 നായിരുന്നു റിലീസ് ചെയ്തത്. 2025 ൽ ഇതേദിവസം തന്നെ എമ്പുരാനും റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.
L2 E.
— SUJITH VAASSUDEV (@sujithvasudev) October 3, 2024
EmpurAAn . Shoot days .
Crossed 100 days and going on . pic.twitter.com/teIL6i4D1g
ആദ്യ ഭാഗത്തെ താരങ്ങൾക്കൊപ്പം പുതിയ താരങ്ങളും രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്
മൂന്നാം ഭാഗം കൂടിയുണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ പറഞ്ഞിരുന്നു. ആശീര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസ് കൂടി നിർമാണ പങ്കാളിയാവുന്ന എമ്പുരാൻ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസിനെത്തും.