തലൈവർ ആരാധകർ ആഘോഷമാക്കാൻ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍,ഫഹദ് ഫാസില്‍ തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയിലുള്ളത്. സിനിമ റിലീസിനോടടുക്കുമ്പോൾ താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വേട്ടയ്യനായി രജനീകാന്ത് 100 മുതല്‍ 125 കോടി വരെ പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോയ്‌മോയ് ആണ് താരങ്ങളുടെ പ്രതിഫലവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
വേട്ടയ്യനായി അമിതാഭ് ബച്ചൻ വാങ്ങുന്നത് 7 കോടി രൂപയാണ്. 33 വർഷങ്ങൾക്ക് ശേഷമാണ് രജനിയും ബച്ചനും വീണ്ടും ഒരു സ്‌ക്രീനിൽ ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുഷ്പ, മാമന്നന്‍, ആവേശം തുടങ്ങിയ ചിത്രങ്ങളിലൂടെ താരമൂല്യം ഉയർന്ന ഫഹദ് ചിത്രത്തിനായി 2 മുതല്‍ 4 കോടി വരെയാണ് പ്രതിഫലം വാങ്ങിക്കുന്നത്. അതേസമയം അഞ്ച് കോടി രൂപയാണ് നടന്‍ റാണ ദഗുബതി സിനിമയ്ക്കായി വാങ്ങുന്നത്. 85 ലക്ഷം രൂപയാണ് സിനിമയില്‍ മഞ്ജുവാര്യരുടെ പ്രതിഫലം. റിതിക സിങ്ങ് 25 ലക്ഷം രൂപ വാങ്ങിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായി രജനി വരുമ്പോള്‍ ഇരുവരും തമ്മിലുള്ള പോരാട്ടമാകും സിനിമ. സിനിമയിൽ രജനികാന്തിന്റെ ഭാര്യയായാണ് മഞ്ജു വാര്യർ സിനിമയിലെത്തുന്നത്. താര എന്നാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്. പാട്രിക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. കഴിഞ്ഞ മാസം പുറത്തുവന്ന ചിത്രത്തിലെ 'മനസിലായോ' എന്ന ഗാനം വലിയ ആരാധകപ്രീതി നേടിയിട്ടുണ്ട്. രജനികാന്തിനൊപ്പം മഞ്ജു വാര്യറും ആടിതിമിര്‍ത്ത ഈ പാട്ടിലെ മലയാള ഭാഷാ പ്രയോഗങ്ങളും 'ചേട്ടന്‍' വിളിയും മലയാളികള്‍ക്കിടയിലും ട്രെന്‍ഡിങ്ങായിരുന്നു.
'വേട്ടയ്യൻ' സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. രജനികാന്തിൻ്റെ മുൻ ചിത്രങ്ങളായ ജയിലറും ലാൽ സലാമും കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് വേട്ടയ്യന്‍ റിലീസിനൊരുങ്ങുന്നത്.