ടർബോ ജോസിന്റെ വമ്പൻ പ്രകടനത്തിന് ശേഷം മമ്മൂട്ടി ആരാധകർ കണ്ണും നട്ടിരിക്കുന്നത് 'ബസൂക്ക'യ്ക്ക് വേണ്ടിയാണ്. കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയായതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. സെപ്റ്റംബർ 30 ന് സിനിമയുടെ പാച്ച് വർക്ക് ഷൂട്ട് ആരംഭിച്ചിരുന്നു. ഇത് പൂർത്തിയതായാണ് ഫോറം കേരളം റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായാണ് സൂചന.
ഈ വർഷം ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസും ക്രിസ്മസ് റിലീസിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. രണ്ട് റിപ്പോർട്ടുകളും ശരിയാണെങ്കിൽ, ഈ വർഷത്തെ ഏറ്റവും വലിയ ബോക്സ്ഓഫീസ് ക്ലാഷുകളിൽ ഒന്നിനാണ് പ്രേക്ഷകർ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ഒരു നിർണ്ണായക വേഷം ചെയ്യുന്ന ബസൂക്കയിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം തിയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രമാണ് ബസൂക്ക.
സംഗീതം മിഥുൻ മുകുന്ദ്, ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, കലാസംവിധാനം അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുജിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.
Content Highlights : Reports say Mammootty's Bazooka's shooting is over and might release on December, Might clash with Mohanlal's Barroz