ദളപതി വിജയും തല അജിത് കുമാറും തമിഴ് സിനിമയിൽ നിന്ന് മാറുകയാണെന്നാണ് വിവിധ കോണുകളിൽ ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്നും പൂർണസമയ രാഷ്ട്രീയ പ്രവർത്തകനായിരിക്കും താനെന്നും വിജയ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
അജിതിന്റെ ഒരു ചിത്രം തീയേറ്ററുകളിൽ എത്തിയിട്ട് ഒന്നരവർഷം കഴിഞ്ഞു. ഇതിനിടെ താരം തന്റെ പുതിയ റേസിങ് ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇരു താരങ്ങളും ഒരുമിച്ച് സിനിമയിൽ നിന്ന് പിന്മാറിയേക്കുമെന്ന് വാർത്തകൾ പുറത്തുവന്നത്.
ബോക്‌സോഫിസിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന വിജയ്‌യും അജിത്തും ഒരുമിച്ച് സിനിമയിൽ നിന്ന് മാറിയാൽ തമിഴ് സിനിമയ്ക്ക് എന്തുസംഭവിക്കുമെന്ന് ആശങ്കപെടുന്നവരും ധാരാളമുണ്ട്. എന്നാൽ ഇതിൽ ആശങ്കപെടേണ്ട കാര്യമില്ലെന്നാണ് തെന്നിന്ത്യൻ ഫിലിം എക്‌സിബിറ്ററും നടൻ റാണ ദഗ്ഗുബതിയുടെ പിതാവുമായ ദഗ്ഗുബതി സുരേഷ് ബാബുവിന്റെ അഭിപ്രായം.
ഒരു സൂപ്പർസ്റ്റാർ എന്തെങ്കിലും കാരണം കൊണ്ട് സിനിമയിൽ നിന്ന് പോയാൽ ഒരു ശൂന്യത ഉണ്ടാവുമെങ്കിലും പ്രേക്ഷകർ പുതിയ ഒരു താരത്തെ സൂപ്പർസ്റ്റാറായി കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. പിങ്ക് വില്ലയുടെ ഫിലിം എക്സിബിറ്റേഴ്‌സ് റൗണ്ട് ടേബിൾ ചാറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എൻ ടി രാമറാവു പോയപ്പോൾ, ഒരാൾ കയറിവന്നു. അങ്ങനെ അവർ (തമിഴ് സിനിമാ പ്രേക്ഷകർ) ഏതെങ്കിലുമൊരു പ്രാദേശിക താരത്തെ സൂപ്പർസ്റ്റാർ ആക്കും. അല്ലെങ്കിൽ മറ്റേതെങ്കിലും ഭാഷാ താരത്തെ സൂപ്പർസ്റ്റാർ ആക്കും. അല്ലെങ്കിൽ ഒരു പാൻ ഇന്ത്യൻ സിനിമ ആരെയെങ്കിലും സൂപ്പർസ്റ്റാർ ആക്കും. തീർച്ചയായും, അജിതും വിജയ്‌യും ഒരേ സമയം പോകുകയാണെങ്കിൽ അത് സങ്കടകരമാണ്, പക്ഷേ അതിനെക്കുറിച്ച് അമിതമായി സങ്കടപ്പെടേണ്ടതില്ല' ദഗ്ഗുബതി സുരേഷ് ബാബു പറഞ്ഞത് ഇങ്ങനെ.