ഏറെ പ്രതീക്ഷകളോടെ എത്തിയ ജോക്കറിന്റെ രണ്ടാം ഭാഗം 'ജോക്കർ: ഫോളി എ ഡ്യൂക്‌സ്' ഇന്ത്യൻ ബോക്സ്ഓഫീസിൽ കിതയ്ക്കുന്നു. മൂന്നാം ദിനത്തിലേക്ക് എത്തുമ്പോൾ ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് സിനിമയ്ക്ക് 10 കോടി പോലും കളക്ഷൻ നേടാനായിട്ടില്ല. സിനിമ ഇതുവരെ 7.75 കോടി മാത്രമാണ് രാജ്യത്ത് നിന്ന് സ്വന്തമാക്കിയത്.
ഒക്ടോബർ രണ്ടിന് റിലീസ് ചെയ്ത സിനിമ ആദ്യ ദിനത്തിൽ 5.15 കോടിയും രണ്ടാം ദിനത്തിൽ 1.35 കോടിയുമാണ് ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് നേടിയത്. മൂന്നാം ദിനമായ വെള്ളിയാഴ്ച്ച 1.25 കോടി മാത്രമാണ് ചിത്രത്തിന്റ കളക്ഷൻ.
സിനിമകളുടെ നിലവാരവും ബോക്‌സോഫീസ് പ്രകടനവും മുൻനിർത്തി റേറ്റിങ് നിശ്ചയിക്കുന്ന റോട്ടൻ ടൊമാറ്റോ എന്ന വെബ്‌സൈറ്റിലും സിനിമയുടെ റേറ്റിങ് കുത്തനെ കുറഞ്ഞിരുന്നു. ഇവരുടെ പുതിയ ഡാറ്റപ്രകാരം 39 ശതമാനം മാത്രമാണ് നിലവിൽ ചിത്രത്തിന്റെ റേറ്റിങ്. ഇതോടെ ഏറ്റവും കുറവ് റേറ്റിങ്ങുള്ള ഡിസി ചിത്രങ്ങളുടെ പട്ടികയിലും സിനിമ ഇടംപിടിച്ചു.
ജോക്വിൻ ഫീനിക്‌സും ലേഡി ഗാഗയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ജോക്കർ 2. സാസീ ബീറ്റ്സ്, കാതറീൻ കീനർ, ജോക്കബ് ലോഫ് ലാൻഡ്, ഹാരി ലോവ്റ്റെ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മാനസികമായ പ്രശ്നങ്ങൾ നേരിടുന്നവരെ ചികിത്സിക്കുന്ന കേന്ദ്രത്തിൽ വച്ച് ഹാർലി ക്വിൻ ജോക്കറിനെ കണ്ടുമുട്ടുന്നു. ഇരുവരും പ്രണയത്തിലാകുന്നു. അപകടകാരികളായ രണ്ടു പേർ ഒന്നിക്കുമ്പോഴുണ്ടാകുന്ന ഭീകര സംഭവങ്ങളിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത്.
2019ൽ പുറത്തിറങ്ങിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആർ റേറ്റഡ് സിനിമകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് നേടിയത്. സ്യൂഡോ ബു൯ബാർ എന്ന അവസ്ഥയ്ക്ക് സമാനമായ മാനസിക വെല്ലുവിളി നേരിടുന്ന ആർതറിനെ അതിമനോഹരമായാണ് ഫീനിക്സ് അവതരിപ്പിച്ചിച്ചത്. ആ വര്ഷത്തെ ഓസ്കർ അടക്കം മികച്ച നടനുള്ള ഒട്ടേറെ പുരസ്കാരങ്ങൾ ഫീനിക്സ് സ്വന്തമാക്കുകയും ചെയ്തു.
Content Highlights: Joker 2 Struggles To Touch 10 Crores in Indian Box Office