രജനി സാറിന്റെ ചികിത്സ 40 ദിവസം മുന്‍പെ തീരുമാനിച്ചത്,ഷൂട്ടിനിടയില്‍ അസുഖം വന്നതല്ല;പ്രചാരണങ്ങള്‍ തള്ളി ലോകേഷ്

കഴിഞ്ഞ തിങ്കളാഴ്ചയാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

dot image

രജനികാന്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പ്രചാരണങ്ങൾ തള്ളി സംവിധായകൻ ലോകേഷ് കനകരാജ്. 40 ദിവസങ്ങൾക്ക് മുമ്പ് തന്നെ മുൻകൂട്ടി തീരുമാനിച്ച ചികിത്സയാണ് ഇപ്പോൾ നടക്കുന്നതെന്നും സെപ്റ്റംബർ 30 ന് ചികിത്സയ്ക്കായി പോകുമെന്ന് രജനികാന്ത് നേരത്തെ പറഞ്ഞിരുന്നതായും ലേകേഷ് കനകരാജ് മാധ്യമങ്ങളോട് പറഞ്ഞു.

ഹൃദയത്തിലേക്കുള്ള രക്തകുഴലുകളിൽ നീർക്കെട്ട് കണ്ടതിനെ തുടർന്നായിരുന്നു രജനികാന്ത് ചികിത്സയ്ക്ക് വിധേയനായത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ലൊക്കേഷനിൽ വെച്ച് ശക്തമായ വേദന വരികയും രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു പുറത്തുവന്ന വാർത്തകൾ. ചില യൂട്യൂബർമാർ ഉണ്ടാക്കിയ ഭയമാണിതെന്നും തന്റെ ഭാഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞ ശേഷം ചികിത്സയ്ക്കായി പോകുമെന്ന് രജനികാന്ത് നേരത്തെ അറിയിച്ചിരുന്നതായും ലോകേഷ് വെളിപ്പെടുത്തി.

ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ രജനി സാർ ചെന്നൈയിലായിരുന്നു. വിശാഖപട്ടണത്തിൽ സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു താൻ. മുൻകൂട്ടി നിശ്ചയിച്ച ചികിത്സയാണെന്ന് അറിയാമെങ്കിലും യൂട്യൂബർമാരുടെ വീഡിയോ കണ്ടതോടെ സെറ്റിലുള്ള പലർക്കുമൊപ്പം തങ്ങളും ഭയന്നെന്നും ലോകേഷ് പറഞ്ഞു.

'രജനി സാർ സുഖം പ്രാപിക്കുന്നു, ഞാൻ അദ്ദേഹത്തോട് ഫോണിൽ സംസാരിച്ചു. ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നാൽപ്പത് ദിവസം മുമ്പേ ചികിത്സയെ കുറിച്ച് അദ്ദേഹം അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് സങ്കടകരമാണ്. ആത്യന്തികമായി, കൂലിയുടെ ഷൂട്ടിങ്ങിനേക്കാൾ പ്രധാനമാണ് രജനി സാറിന്റെ ആരോഗ്യം. സെറ്റിൽ അദ്ദേഹത്തിന് എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കിൽ, ഞങ്ങൾ ഷൂട്ടിംഗ് റദ്ദാക്കുമായിരുന്നു, കൂടാതെ യൂണിറ്റ് മുഴുവൻ ആശുപത്രിയിൽ അദ്ദേഹത്തിന്റെ അരികിൽ ഉണ്ടാകുമായിരുന്നു. യൂട്യൂബർമാർ ഇത്തരം വ്യാജം പ്രചരിപ്പിക്കുന്നത് കണ്ടപ്പോൾ നിരാശ തോന്നി,' ലോകേഷ് കനകരാജ് പറഞ്ഞു.

സെപ്റ്റംബർ 28 ന് രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായെന്നും ഇന്നത്തോടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിക്കുന്ന നാഗാർജുനയുടെ ഭാഗവും പൂർത്തിയാകുമെന്നും ലോകേഷ് പറഞ്ഞു. ഇനി ചിത്രീകരണത്തിന് 10 ദിവസത്തെ ഇടവേളയുണ്ട്.

ശേഷം ഒക്ടോബർ 10ന് വീണ്ടും ചിത്രീകരണം പുനരാരംഭിക്കുമെന്നും നിലവിൽ പദ്ധതിയനുസരിച്ചാണ് എല്ലാ കാര്യങ്ങളും മുന്നോട്ട് പോകുന്നതെന്നും ലോകേഷ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന രക്തകുഴലായ അയോർട്ടയിൽ നീർവീക്കമുണ്ടായിരുന്നതായും എൻഡോവാസ്‌കുലർ റിപ്പയർ ചികിത്സരീതിയിലൂടെ സ്റ്റെന്റ് സ്ഥാപിക്കുകയും നീർവീക്കം പരിഹരിക്കുകയും ചെയ്‌തെന്ന് അപ്പോളോ ഹോസ്പിറ്റൽ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു.

അതേസമയം രജനികാന്ത് നായകനായ വേട്ടയ്യൻ സിനിമ ഒക്ടോബർ 10 ന് റിലീസ് ചെയ്യും. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികയാവുന്നത്. ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Content Highlights: Lokesh Kanagaraj denies Rumors and Says Rajinikanth treatment was decided 40 days before

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us