മമ്മൂട്ടിക്കും ശ്വേത മേനോനും മികച്ച അഭിനേതാക്കൾക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു 'പാലേരി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ കഥ'. 2009 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം വർഷങ്ങൾക്ക് ശേഷം 4 കെ ദൃശ്യമികവോടെ തിയേറ്ററുകളിൽ കഴിഞ്ഞ ദിവസമാണ് റീ റിലീസ് ചെയ്തത്.
മണിച്ചിത്രത്താഴ്, ദേവദൂതൻ, സ്ഫടികം പോലുള്ള ചിത്രങ്ങൾ റീ റിലീസ് ചെയ്തതിലൂടെ മികച്ച കളക്ഷൻ സ്വന്തമാക്കിയതിന് പിന്നാലെയാണ് 'പാലേരി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ കഥ' റീ റിലീസ് തീരുമാനിച്ചത്. എന്നാൽ ഇത് ആദ്യമായല്ല പാലേരി മാണിക്യം റീ റിലീസ് ചെയ്യുന്നത് എന്നതാണ് സത്യം.
2009 ഡിസംബർ 5 ന് റിലീസ് ചെയ്ത ചിത്രം ആ വർഷത്തെ മികച്ച ചിത്രമായി മാറുകയും മികച്ച നടനും നടിക്കും മേക്കപ്പ് ആർട്ടിസ്റ്റിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. പിന്നീട് 2010 ലാണ് 'പാലേരി മാണിക്യം: ഒരു പാതിരകൊലപാതകത്തിന്റെ കഥ' ആദ്യമായി റീ റിലീസ് ചെയ്തത്.
കേരളത്തിലെ മുപ്പതോളം തിയേറ്ററുകളിലായിരുന്നു ചിത്രം റീ റിലീസ് ചെയ്തത്. 2010 ഏപ്രിൽ 14 നായിരുന്നു ഈ റീ റിലീസ്. ചിത്രത്തിന് മുന്ന് സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചതാണ് റീ റിലീസിന് കാരണമെന്ന് അന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞിരുന്നു. എവിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ എവി അനൂപും വർണചിത്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹാ സുബൈറും ചേർന്നാണ് പാലേരി മാണിക്യം നിർമിച്ചത്.
ഇപ്പോൾ പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഒക്ടോബർ 4 നാണ് ചിത്രം റീ റിലീസ് ചെയ്തത്. എന്നാൽ പ്രോമോഷൻസിന്റെ അപര്യാപ്തത മൂലം ചിത്രത്തിന് ബുക്കിങ് കുറവായിരുന്നു. ഇതിനിടെ എന്തിനാണ് ഈ ചിത്രം റീ റിലീസ് ചെയ്യുന്നതെന്നും രാജമാണിക്യം, ബിഗ് ബി, വല്ല്യേട്ടൻ പോലുള്ള ചിത്രങ്ങൾ റീ റിലീസ് ചെയ്താൽ പോരെയെന്നും ചില ആരാധകർ ഈ സ്വീകരണം കണ്ടുള്ള സോഷ്യൽ മീഡിയ ചർച്ചയിൽ ചോദിച്ചിരുന്നു.
മമ്മൂട്ടി, ശ്വേത മേനോൻ, സിദ്ധീഖ്, സുരേഷ് കൃഷ്ണ, ശ്രീനിവാസൻ എന്നിവർക്കൊപ്പം മലബാറിലെ ഒരുപറ്റം മികച്ച കലാകാരന്മാർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച പാലേരി മാണിക്യത്തിൽ നടി മൈഥിയായിരുന്നു ടൈറ്റിൽ റോളിൽ എത്തിയത്. നാടകരംഗത്തു നിന്നുള്ള പലർക്കും ഓഡിഷനിലൂടെ മലയാള സിനിമയിലേക്ക് വഴി തുറന്ന ചിത്രം കൂടിയായിരുന്നു പാലേരി മാണിക്യം.
ഐക്യ കേരളം രൂപീകരിച്ച ശേഷം ആദ്യമായി രജിസ്റ്റർ ചെയ്ത കൊലപതകമായിരുന്നു പാലേരി മാണിക്യത്തിന്റേത്. ഈ സംഭവത്തെ അടിസ്ഥാനമാക്കി ചരിത്രവും ഫിക്ഷനും ഇടകലർത്തി എഴുത്തുകാരൻ ടിപി രാജീവൻ എഴുതിയ നോവലിനെ സംവിധായകൻ രഞ്ജിത്ത് സിനിമയാക്കി മാറ്റുകയായിരുന്നു.
Content Highlights: Paleri Manikyam: Oru Pathirakolapathakathinte Katha Rerelease its not first time its Second time