ഖുറേഷി അബ്രാമിനോട് ഏറ്റുമുട്ടാൻ ഖാലിദ് റഹ്മാനും സംഘവും; ആലപ്പുഴ ജിംഖാനയും എമ്പുരാനും ക്ലാഷ് റിലീസിന്?

ഇരുചിത്രങ്ങളും തമ്മിലുള്ള ബോക്സ്ഓഫീസ് ക്ലാഷ് കാണാൻ കഴിയുമെന്നാണ് റിപ്പോർട്ട്

dot image

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ചിത്രം എമ്പുരാനും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയും ക്ലാഷ് റിലീസായിരിക്കുമെന്ന് റിപ്പോർട്ട്. തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചിത്രം അടുത്ത വർഷം മാർച്ച് അവസാനത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. എമ്പുരാന്റെ അണിയറപ്രവർത്തകരാട്ടെ ആദ്യഭാഗമായ ലൂസിഫർ റിലീസ് ചെയ്ത മാർച്ച് 28 എന്ന തീയതിയിൽ തന്നെ രണ്ടാം ഭാഗവും പുറത്തിറക്കാനാണ് ആലോചിക്കുന്നത്. ഇതോടെ ഇരുചിത്രങ്ങളും തമ്മിലുള്ള ബോക്സ്ഓഫീസ് ക്ലാഷ് കാണാൻ കഴിയുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സ്പോർട്സ് കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ആലപ്പുഴ ജിംഖാനയുടെ ടൈറ്റിൽ പുറത്തുവിട്ടത്. നസ്‌ലെന്‍, ഗണപതി, ലുക്മാൻ, അനഘ രവി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

എമ്പുരാന്റെ ചിത്രീകരണമാകട്ടെ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിൽ പുരോഗമിച്ചുകൊണ്ടിരുന്ന ചിത്രീകരണം നിലവിൽ ഹൈദരാബാദിലേക്ക് ഷിഫ്‌റ്റ് ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അമേരിക്കയിലെയും ഇന്ത്യയിലെയും ചിത്രീകരണത്തിന് ശേഷം ദുബായ് അടക്കമുള്ള ലൊക്കേഷനുകളിലും ചിത്രീകരണം ഉണ്ടാകും. ആശീര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസ് കൂടി നിർമാണ പങ്കാളിയാവുന്ന എമ്പുരാൻ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസിനെത്തുന്നുണ്ട്.

Content Highlights: Reports That Alappuzha Gymkhana And Mohanlal's L2 Empuraan To Clash In March 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us